‘ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുക’; ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലി

ഡബ്ലിനിലും, ബെല്‍ഫാസ്റ്റിലുമായി നിരവധി പേര്‍ അണിനിരന്ന് പലസ്തീന്‍ അനുകൂല റാലികള്‍. ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ശനിയാഴ്ച റാലികള്‍ നടന്നത്.

ഡബ്ലിനില്‍ RTE ഓഫിസിന് പുറത്ത് ചെറിയ രീതിയില്‍നടന്ന പ്രകടനത്തില്‍, ഒക്‌ടോബറില്‍ സംഘര്‍ഷമാരംഭിച്ച ശേഷം പ്രദേശത്ത് കൊല്ലപ്പെട്ട 108 പത്രപ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി 108 ഷൂസുകള്‍ സ്ഥാപിച്ചു. Mothers Against Genocide എന്ന സംഘമാണ് ഡബ്ലിനിലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ശാസ്ത്രജ്ഞയായ Naomi Sheehan അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും, RTE പരിപാടികളില്‍ സംഘർഷത്തെ അത്തരത്തിൽ അഭിസംബോധന ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ശനിയാഴ്ച ഉച്ചയ്ക്ക് ബെല്‍ഫാസ്റ്റ് സിറ്റി ഹാളിന് സമീപം നടന്ന റാലിയില്‍, അനവധി പേര്‍ മാര്‍ച്ച് ചെയ്തു. പലസ്തീന്‍ പതാകകളും, പലസ്തീന്‍ അനുകൂല പ്ലക്കാര്‍ഡുകളും ഏന്തിയ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ ഭരണകൂടത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

അതേസമയം ഇസ്രായേലിനും, പലസ്തീനും പുറമെ സംഘര്‍ഷം മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐറിഷ് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ലെബനനിലെ ബെയ്‌റൂട്ടില്‍ വച്ച് ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ, ഇസ്രായേലി നിരീക്ഷണകേന്ദ്രങ്ങള്‍ക്ക് നേരെ തങ്ങള്‍ റോക്കറ്റ് ആക്രമണം നടത്തിയതായി ലെബനനിലെ സായുധവിഭാഗവും, രാഷ്ട്രീയ പാര്‍ട്ടിയുമായ ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു.

ഇതിനിടെ യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ വച്ച് ചരക്കുകപ്പലുകള്‍ ആക്രമിച്ചതിലും വിദേശകാര്യമന്ത്രി കൂടിയായ മാര്‍ട്ടിന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: