ഒരു വിരമിക്കൽ കുറിപ്പ്: രാജൻ ദേവസ്യ വയലുങ്കൽ

ഞാൻ നാളെ(11/01/2024) വിരമിക്കയാണ്, ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ നിന്ന്. ഔദ്യോഗിക ജീവിതത്തിന് പൂർണ്ണ വിരാമം.  കഴിഞ്ഞ 17 വർഷത്തിലധികമായി ഈ ഹോസ്പിറ്റലിലെ സെൻട്രൽ സ്റ്റെറിലൈസേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇതിനു മുമ്പുള്ള 22 വർഷക്കാലം സിൻഡിക്കേറ്റ് ബാങ്കിന്റെ (രണ്ടു മൂന്നു വർഷം മുമ്പ് കാനറാ ബാങ്കിൽ ലയിപ്പിച്ചു) ഇന്ത്യയിലെ വിവിധ ശാഖകളിൽ ജോലി ചെയ്തതിനു ശേഷം സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ടിലേക്കു പോന്നു.  ഇപ്പോഴത്തേതും ഒരു സ്വയം വിരമിക്കലാണ്. ബാങ്കിൽ അക്കങ്ങളോടു മല്ലിട്ട ഞാൻ മനുഷ്യരുടെ ശസ്ത്രക്രിയക്ക് ഉപയോഗിച്ച ചോര പുരണ്ട ഉപകരണങ്ങളോടു മല്ലിടേണ്ടി വന്നത് തികച്ചും യാദൃശ്ചികം. 70 വയസ്സാണ് ഇവിടുത്തെ വിരമിക്കൽ പ്രായം. എനിക്കു വയസ്സ് 66 കഴിഞ്ഞു.  ഈ അങ്കം ഇനിയും തുടരേണ്ട എന്നു സ്വയം തീരുമാനിക്കയായിരുന്നു.  സർക്കാർ തരുന്ന പെൻഷൻ തുകകൊണ്ട് സാമാന്യം ഭേദപ്പെട്ട നിലയിൽ ശിഷ്ട ജീവിതം മുമ്പോട്ടു കൊണ്ടുപോകാം എന്നു വിചാരിക്കുന്നു.

മേൽപ്പറഞ്ഞ രണ്ടു ജോലിയും, അതിനു മുമ്പു ചെയ്ത അല്ലറ ചില്ലറ ജോലികളുമുൾപ്പെടെ മൊത്തം 45 വർഷത്തെ സേവനം 66 വർഷത്തെ ജീവിത പോരാട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മറവിയിലാണ്ടുപോകാത്ത ഓർമ്മകളെ ഒന്നു കയ്യെത്തി പിടിക്കാനുള്ള ഒരു ശ്രമമാണു ഞാനിവിടെ നടത്തുന്നത്. A synopsis of my past. ഓർമ്മകൾക്കു തിമിരം ബാധിച്ചു വിസ്‌മൃതിയിൽ ലയിക്കുന്നതിനു മുമ്പുള്ള ഒരാഗ്രഹം, അത്രേയുള്ളൂ. ഭാവികാലം എത്രയുണ്ടെന്നു നമുക്കു പ്രവചിക്കാനുമാകില്ലല്ലോ. ആയിരം പൂർണ്ണ ചന്ദ്രൻമാരെ നിന്നെ കാണിച്ചു തരും എന്ന യാതൊരുറപ്പും ആയുസ്സിന്റെ ഒരു ദേവനും സ്വപ്നത്തിൽപ്പോലും എനിക്കു തന്നിട്ടുമില്ല.

ജനനം പഴയ മദ്രാസിലായിരുന്നുവെന്ന് അപ്പനും അമ്മയും സാക്ഷ്യം പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇളംചുണ്ടിലെ അമ്മിഞ്ഞപ്പാലിന്റെ നറുമണം മാറും മുമ്പേ എന്നെയും എനിക്കു മുമ്പേയുള്ള രണ്ടു പേരെയും കൂട്ടി അപ്പനും അമ്മയ്ക്കും മദ്രാസ് വിടേണ്ടി വന്നു, സ്വദേശമായ ചങ്ങനാശ്ശേരിയിലേക്ക്.  അപ്പന്റെ മദ്രാസ് ജോലിയും ഞങ്ങളുടെ സുഖലോലുപതയും അവിടെ അവസാനിച്ചു.  പിന്നീട് എനിക്കു പത്തു വയസ്സു തികയും വരെ ഞങ്ങൾക്കെല്ലാം സമ്പന്നതയുടെ മറ്റൊരു പുഷ്കല കാലമായിരുന്നു.  പക്ഷേ,  പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും സമ്പന്നത ആയിരുന്നെന്നു മാത്രം.  ദാരിദ്ര്യം ഇരന്നു വാങ്ങിയതോ, വൃതമായിട്ടെടുത്തതോ ആയിരുന്നില്ല.
വിധിയെ തടഞ്ഞു നിർത്താനായില്ല, അത്രയേയുള്ളൂ. അപ്പനുമമ്മയും മൂത്ത പെങ്ങളും ചേട്ടനും ഞാനും അനുഭവിച്ച പട്ടിണിയുടെയും ദുരിതങ്ങളുടെയും പൊള്ളുന്ന വേദന വിവരിക്കാൻ ഈ ചെറിയൊരിടം മതിയാകില്ല. അതുകൊണ്ടു തല്ക്കാലം ഉപേക്ഷിക്കുന്നു.

എന്റെ പത്താം വയസ്സിൽ അപ്പനു കിട്ടിയ കണക്കപ്പിള്ളയുടെ ജോലി പട്ടിണി മാറ്റി സമൃദ്ധിയിലേക്കു പതിയെപ്പതിയെ നടന്നു കയറാൻ സഹായകമായി.  സന്തോഷകാലം പങ്കിട്ടുകൊണ്ട് എനിക്കു താഴെ അഞ്ചു സഹോദരങ്ങൾ കൂടി കൂട്ടിനുണ്ടായി. ഇവരെക്കൂടാതെയുണ്ടായ ഒരാൾ അധികകാലം ജീവിക്കാതെ വിട്ടുപിരിയുകയും ചെയ്തു.

പല കൊച്ചുകൊച്ചാഗ്രഹങ്ങളും ഉള്ളിൽ നാമ്പിടുമ്പോഴേ പരാധീനതകൾ മൂലം നുള്ളിക്കളഞ്ഞ സ്കൂൾ പഠനകാലം, പഠനത്തേക്കാളേറെ പൊതുപ്രവർത്തനവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് അശോഭിതമായ കോളേജ് പഠനകാലം, നാട്ടിൻപുറത്തെ വായനശാലയുടെ പ്രവർത്തനത്തിനു പുറമെ സാധാരണ ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ടു സമരം ചെയ്തപ്പോൾ പ്രതിഫലമായി കിട്ടിയ കോട്ടയം സബ് ജയിലിലെ മൂന്നു ദിവസത്തെ ‘സുഖവാസം’, ശിക്ഷയില്ലാതെ കേസ് തീർപ്പാകുംവരെയുള്ള കോടതി കയറ്റം, പിന്നീടു കുടിയേറ്റപ്പെട്ട ബോംബെയിലെ യാതനകളും സന്തോഷങ്ങളും കൂടിക്കലർന്ന ഏഴു വർഷത്തെ ജീവിതം, അതിനിടയിൽ ആരുടെയൊക്കെയോ സുകൃതം കൊണ്ടു കിട്ടിയ ബാങ്ക് ജോലി, വിവാഹം, കുടുംബം, യൂറോപ്പ് ജീവിതം…. അങ്ങനെ നീണ്ടുപോകുന്നു ഇത്രടം വരെയുള്ള എന്റെ ജീവിത സമരകാലം.

ഒരു യൂറോപ്പ് ജീവിതം മുമ്പു ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്വപ്നത്തിൽ പോലും കടന്നു വന്നിട്ടില്ല. ബാങ്കിന്റെ  ഏതെങ്കിലും ശാഖയിൽ നിന്ന് ഏതെങ്കിലും പദവിയിൽ വിരമിക്കുമെന്നേ കരുതിയിരുന്നുള്ളൂ. അതും യാഥാർഥ്യമായി.

പുറത്ത്,  ഉറഞ്ഞ ശൈത്യത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വൃക്ഷ ശിഖരങ്ങളിൽ കാറ്റു പിടിക്കുമ്പോഴുണ്ടാകുന്ന സീൽക്കാരശബ്ദം കേൾക്കാം. വീടിനു പുറത്തെ പച്ചപ്പുൽത്തകിടി നേർത്ത മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്നു.  അയർലണ്ടിലെ ഈ തണുപ്പുള്ള രാത്രിയിൽ എന്റെ ജീവിതയാത്രയോടൊപ്പം സഞ്ചരിച്ചിട്ടുള്ള എത്രയോ ആളുകളുടെ മുഖങ്ങളാണ്  മുന്നിൽ തെളിയുന്നത്.  യാത്രയുടെ ഇടവേളകളിൽ കുറെയധികം ആളുകൾ എന്നെന്നേക്കുമായി വിട്ടകന്നു. താങ്ങും തണലുമായി നിന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു, വിശിഷ്യാ എന്റെ അപ്പനെയും അമ്മയെയും.  അവർ കൊണ്ട വെയിലാണ് തണലായി ഞങ്ങളിന്ന് അനുഭവിക്കുന്നത് എന്ന ബോധ്യമുണ്ട്. പക്ഷേ, അവർ പകർന്നു തന്ന സ്നേഹവും കരുതലും അതേ അളവിൽ തിരികെ നൽകാൻ കഴിഞ്ഞുവോ എന്ന സംശയം ബാക്കി നിൽക്കുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ഇനിയെന്ത്?

ആരോഗ്യം അനുവദിക്കുന്നിടത്തോളം കാണാത്ത ദേശങ്ങൾ തേടിയുള്ള, കാണാത്ത കാഴ്ചകൾ തേടിയുള്ള, ഒരു സഞ്ചാരിയുടെ തൃഷ്ണയോടു കൂടിയുള്ള യാത്ര തുടങ്ങണം. കണ്ണു കാണുവോളം വായിക്കണം, എന്റെ ഭാഷാ പരിഞ്ജാനത്തിന്റെ പരിമിതികളെ സ്വയം തിരിച്ചറിഞ്ഞ്, അറിയാവുന്ന ഭാഷയിൽ വായനക്കാരെ മുഷിപ്പിക്കാത്ത  തരത്തിൽ എന്തെങ്കിലും എഴുതണം.  ആരോഗ്യ സംരക്ഷണത്തിനുള്ള വ്യായാമം പതിവാക്കണം. പ്രഭാതത്തിലെ ഇളംവെയിലിൽ ഡബ്ലിൻ ഫീനിക്സ് പാർക്കിലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ മാൻപേടകളുടെ നാണം കണ്ട്, കലമാനുകളുടെ കൊമ്പുകോർക്കൽ കണ്ട്, പൊയ്കയിലെ താറാക്കളുടെയും അരയന്നങ്ങളുടെയും ജലകേളികൾ ആസ്വദിച്ച് ഒരു മണിക്കൂർ നടക്കുന്നതു പതിവാക്കണം. അങ്ങനെ, ഇനിയുള്ള വാർദ്ധക്യത്തെ യുവത്വത്തിന്റെ പ്രസരിപ്പോടെ മറികടക്കണം.

ഇക്കാലമിത്രയും മറികടന്ന ഇരുട്ടിനെ പഴിക്കാതെ, വാർത്തമാനത്തിലെ ഇരുളും വെളിച്ചവും തിരിച്ചറിയുന്ന, ഭാവിയിലെ സ്ഥായിയായ പ്രകാശത്തെ സ്വപ്നം കാണുന്ന, കൃത്യമായ പൗരബോധമുള്ള, കൃത്യമായ പൊതുബോധമുള്ള, കൃത്യമായ മതബോധമുള്ള, എന്നാൽ ഒരു മതത്തോടും പ്രത്യേകിച്ചൊരു മമതയില്ലാത്ത, പക്ഷേ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള, എന്നാൽ ഒരു രാഷ്ട്രീയത്തെയും അന്ധമായി പിന്തുടരാത്ത, ഭാര്യയുടെ – മക്കളുടെ – പേരക്കുട്ടിയുടെ ചെറു സങ്കടങ്ങൾ പോലും കേട്ട്, അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്ന്, യാതൊരു ഗർവ്വുമില്ലാതെയുള്ള സൗഹൃദം പങ്കിട്ട്, ഇടപഴകുന്ന സമൂഹത്തിലൊക്കെയും വിനയാന്വിതനായി മുമ്പോട്ടു പോകണമെന്ന വലിയ ആഗ്രഹമാണുള്ളത്.

ജന്മം കൊണ്ടു ഭാരതീയനായതു കൊണ്ട് സ്വദേശാഭിമാനം കാത്തു സൂക്ഷിക്കുന്നു. നിലവിൽ അയർലണ്ട് എന്ന രാജ്യത്തെ പൗരനായതു കൊണ്ട്, ഈ ചെറുരാജ്യത്തെ വലിയ മനസ്സുള്ളവരോടുള്ള ആത്മാർത്ഥമായ കൂറും വെച്ചുപുലർത്തുന്നു.

കല്പറ്റ നാരായണൻ മാഷിന്റെ കവിതാശകലം കടമെടുത്ത്,

“വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള ശങ്ക തീർത്തു തന്നില്ലേ”

ആ അപരിചിതനായി മുമ്പോട്ടു പോകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ.

ഇനി, ഇതൊന്നും സാധിക്കാതെ എന്റെ ജീവിത നാടകത്തിനു തിരശ്ശീല വീഴുകയാണെങ്കിൽ കുറെ കടങ്ങൾ ബാക്കിവെച്ച് അവൻ യവനികക്കുള്ളിൽ മറഞ്ഞു എന്നു പരസ്പരം പറഞ്ഞ് നൊമ്പരപ്പെടുക.

എല്ലാവർക്കും സ്നേഹസുന്ദരമായ ഒരു പുതുവർഷം ആശംസിച്ചുകൊണ്ട്,
വിനയപൂർവ്വം

രാജൻ ദേവസ്യ വയലുങ്കൽ

Share this news

Leave a Reply

%d bloggers like this: