അയര്‍ലണ്ടില്‍ ടാക്സികളുടെ ദൗര്‍ലഭ്യം രൂക്ഷമാകുന്നു. ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ടാക്സികള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള സമയങ്ങളില്‍ (വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ) യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രിപ്പുകളില്‍ 43 ശതമാനവും ക്യാന്‍സലായി പോകുകയാണ്. ടാക്സികള്‍ക്ക് ഏറെയൊന്നും ആവശ്യക്കാരില്ലാത്ത തിങ്കളാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച ഉച്ച വരെയുള്ള സമയങ്ങളിലാകട്ടെ ട്രിപ്പുകളില്‍ 16 ശതമാനവും ക്യാന്‍സലാകുന്നു.
കോര്‍ക്കിലെ സ്ഥിതി ഇതിലും വഷളാണ്. അത്യാവശ്യ സമയങ്ങളില്‍ 56% ട്രിപ്പുകളാണ് ഇവിടെ ക്യാന്‍സലാകുന്നത്. മറ്റ് അവസരങ്ങളില്‍ 40 ശതമാനവും.
രാജ്യത്തെ 39% ആളുകളും സുരക്ഷിതമായി ടാക്സിയില്‍ വീടുകളിലെത്തുന്നതില് ആശങ്ക രേഖപ്പെടുത്തിയതായി ജനുവരിയില്‍ മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍വേയില്‍ പങ്കെടുത്ത 64% പേരും രാജ്യത്ത് ടാക്സികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് The Taxis for Ireland Coalition രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമായും നാല് പരിഹാര നിര്‍ദ്ദേശങ്ങളാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്:
- 2026-ഓടെ രാജ്യത്ത് വിപണി അടിസ്ഥാനമാക്കി മിനിമം Small Public Service Vehicles (SPSV) ഡ്രൈവര്‍മാര്‍, വാഹനങ്ങള്‍ എന്നിവയുടെ ലൈസന്‍സ് ഉറപ്പാക്കുക.
- മിനിമം വാഹനങ്ങള്‍ ഉറപ്പാക്കുന്നതിനായി പുതിയ നയങ്ങളും, നടപടികളും സ്വീകരിക്കുക.
- SPSV-കളില്‍ വീല്‍ ചെയര്‍ കയറ്റാന്‍ ആവശ്യമായ സൗകര്യം വേണമെന്ന നിലവിലെ നിബന്ധന പുനഃപരിശോധിക്കുക.
- SPSV Driver Entry Test-ന് വാഹനം ഓടിക്കുന്ന ഇടത്തെ പറ്റിയുള്ള ഭൂമിശാത്രപരമായ അറിവ് വേണം എന്ന നിബന്ധന പുനഃപരിശോധിക്കുക. സാങ്കേതികവിദ്യ ഏറെ മുന്നോട്ട് പോയിരിക്കുന്ന ഇക്കാലത്ത് അത്തരമൊരു നിബന്ധന ആവശ്യമില്ലെന്നാണ് കരുതുന്നത്.