അയർലണ്ടിൽ മീസിൽസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ മീസില്‍സ് പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ രോഗത്തിന് എതിരായ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവില്‍ മീസില്‍സ് പടര്‍ന്നുപിടിക്കുകയാണ്. റൊമാനിയയില്‍ രോഗം ബാധിച്ച പല കുട്ടികളിലും അത് ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റില്‍ 170-ലധികം പേര്‍ക്കാണ് മീസില്‍സ് ബാധ സ്ഥിരീകരിച്ചത്.

അയര്‍ലണ്ടില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ജനുവരിയില്‍ HSE നടത്തിയ വിലയിരുത്തലില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

അയര്‍ലണ്ടില്‍ 19-21 പ്രായത്തിനിടയ്ക്കുള്ള അഞ്ചില്‍ ഒന്ന് പേരും, 18-34 പ്രായത്തിനിടയ്ക്കുള്ള 11% പേരും മീസില്‍സിന് എതിരായ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് HSE-യുടെ കണ്ടെത്തല്‍. വാക്‌സിനുമായി ബന്ധപ്പെട്ട് മുന്‍കാലത്ത് പരന്ന തെറ്റിദ്ധാരണയാകാം ഇതിന് കാരണമെന്ന് കരുതുന്നു.

അതേസമയം നവംബര്‍ മാസത്തില്‍ രാജ്യത്ത് ആരംഭിച്ച പുതുക്കിയ മീസില്‍സ് വാക്‌സിന്‍ പദ്ധതി വഴി 10 വയസ് വരെയുള്ള കുട്ടികള്‍ക്ക് ജിപിമാരില്‍ നിന്നും സൗജന്യമായി വാക്‌സിന്‍ ലഭിക്കുന്നതാണ്. അന്താരാഷ്ട്ര ആരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന MMR വാക്‌സിന്‍ ആണ് മീസില്‍സിനെതിരെ നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: