അഭയാർത്ഥികളെ താമസിപ്പിക്കുമെന്ന് അഭ്യൂഹം; കിൽഡെയറിൽ കെട്ടിടത്തിന് തീയിട്ടു

കൗണ്ടി കില്‍ഡെയറിലെ Leixlip-ല്‍ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന് തീവച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് Celbridge Road-ലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നതായി ഗാര്‍ഡയ്ക്ക് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

അതേസമയം ഈ കെട്ടിടം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നതായി ഗാര്‍ഡ പറയുന്നു. ഏഴ് ബെഡ്‌റൂമുകളുള്ള കെട്ടിടത്തില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുമെന്നും അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്ന് ഈയിടെ കെട്ടിടത്തിന് മുമ്പില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ലിനിലെ Brittas-ല്‍ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന് അജ്ഞാതര്‍ തീയിട്ടതിന് പിന്നാലെയാണ് കില്‍ഡെയറിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്. Brittas-ലെ കെട്ടിടവും അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ വിട്ടുനല്‍കുകയാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിന് എതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണോ Leixlip-ലെ കെട്ടിടത്തിന് തീയിട്ടത് എന്നാണ് ഗാര്‍ഡ അന്വേഷിക്കുന്നത്. അതേസമയം ഈ കെട്ടിടം അഭയാര്‍ത്ഥികള്‍ക്ക് വിട്ടുനല്‍കില്ലെന്ന് പ്രതിഷേധക്കാരോട് പറഞ്ഞിരുന്നതാണെന്നും, എന്നാല്‍ അവര്‍ അത് വിശ്വസിച്ചിരുന്നില്ലെന്നും ഗാര്‍ഡ പറയുന്നു.

Share this news

Leave a Reply

%d bloggers like this: