അയർലണ്ടിൽ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവർ നൽകേണ്ടത് മാസം 1,600 യൂറോ!

അയര്‍ലണ്ടിലെ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവര്‍ വീട്ടുവാടകയായി നല്‍കേണ്ട തുക ശരാശരി 1,598 യൂറോ ആയി ഉയര്‍ന്നു. അതേസമയം നേരത്തെ തന്നെ വാടകക്കാരായി തുടരുന്നവര്‍ നല്‍കുന്നത് ശരാശരി 1,357 യൂറോ ആണെന്നും 2023-ലെ മൂന്നാം പാദത്തിലുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി Residential Tenancies Board (RTB) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുതുതായി വീട് വാടകയ്ക്ക് എടുക്കുമ്പോഴുള്ള ശരാശരി നിരക്ക് ഒരു വര്‍ഷത്തിനിടെ 11% വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. നിലവിലെ വാടകക്കാരുടെ വാടകനിരക്ക് 12 മാസത്തിനിടെ 5.2% ആണ് വര്‍ദ്ധിച്ചത്.

പ്രാദേശികമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഡബ്ലിനില്‍ പുതുതായി വാടകയ്ക്ക് വീടെടുക്കുകയാണെങ്കില്‍ ശരാശരി 2,113 യൂറോയാണ് നല്‍കേണ്ടത്. അതേസമയം നിലവിലെ വാടകക്കാര്‍ നല്‍കുന്നത് 1,788 യൂറോയാണ്. അതായത് 325 യൂറോയുടെ വ്യത്യാസം (18.2%).

2023-ന്റെ മൂന്നാം പാദത്തില്‍ പുതുതായി 14,000 പേരാണ് വാടകക്കാരായി രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പാദത്തില്‍ ഇത് 11,789 ആയിരുന്നു. അതേസമയം 2022 മൂന്നാം പാദത്തെക്കാള്‍ 37.7% കുറവുമാണിത്.

ഡബ്ലിനില്‍ പുതുതായി വാടകയ്ക്ക് എത്തുന്നവരുടെ വാര്‍ഷിക വര്‍ദ്ധന റെക്കോര്‍ഡിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ 12.7% ആണ് ഡബ്ലിനില്‍ പുതിയ വാടകക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ വാടകക്കാര്‍ക്ക് വീട് ലഭിക്കുന്നത് Leitrim-ലാണ്. മാസം ശരാശരി 853 യൂറോയാണ് ഇവിടുത്തെ വാടക നിരക്ക്.

Share this news

Leave a Reply

%d bloggers like this: