അയര്‍ലണ്ടില്‍ കഴിഞ്ഞ ആഴ്ചയില്‍ മീസില്‍സ് ബാധിച്ചതായി സംശയിക്കുന്ന ഒമ്പത് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധശേഷി ആവശ്യമുള്ളതിലും കുറയുകയാണെന്നും, അതിനാല്‍ മീസില്‍സ് പടരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Leinster പ്രദേശത്തെ ഒരു ആശുപത്രിയിൽ മീസില്‍സ് ബാധിച്ച് പ്രായപൂർത്തിയായ ഒരാള്‍ മരണപ്പെട്ടെന്ന്‍ ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടീവ് കഴിഞ്ഞ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ സംരക്ഷണ പര്യവേഷണ കേന്ദ്രത്തിന്‍റെ വിവരങ്ങള്‍ ആനുസരിച്ച് കിഴക്ക് മൂന്ന്‍, മിഡ്ലാണ്ടില്‍ മൂന്ന്‍, മിഡ്വെസ്റ്റില്‍ രണ്ട്, തെക്ക് ആരോഗ്യമേഖലയില്‍ ഒന്ന്‍ എന്നിങ്ങനെ ഒമ്പത് സംശയാസ്പദ മീസിൽസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേസുകളില്‍ ഏഴെണ്ണം നാല് വയസ്സുവരെയുള്ള കുട്ടികളും, രണ്ടെണ്ണം അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളുമാണ്.
2023-ല്‍ മൂന്ന്‍, 2022-ല്‍ രണ്ട്, 2020-ല്‍ അഞ്ച് എന്നിങ്ങനെയാണ് അയർലണ്ടിൽ മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. 2021-ല്‍ മീസില്‍സ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുമില്ല.
അയര്‍ലണ്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന മീസില്‍സ് മരണമാണ് ഇതെന്നും അതിനാല്‍ എല്ലാവരും MMR (Measles,Mumps,Rubella) വാക്സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം എന്നും ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ Dr. Colm Henry അറിയിച്ചു. 95 ശതമാനം ജനങ്ങളും വാക്സിന്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ മീസില്‍സിനെ തടയിടാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അയര്‍ലണ്ടിന്‍റെ നാഷണല്‍ റേറ്റ് 89.2 ശതമാനം ആണ്. ചില പ്രദേശങ്ങളിൽ 80-നും താഴെയാണ് വാക്സിന്‍ എടുത്തതിന്‍റെ ശതമാന നിരക്ക്. 2023-ല്‍ തുടങ്ങിയ പുതുക്കിയ വാക്സിന്‍ പ്രോഗ്രാമില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ സൗജന്യമായാണ് നല്‍കുന്നത്.