അയർലണ്ടിൽ വീണ്ടും കടുത്ത തണുപ്പ്; മഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഒരാഴ്ച നീണ്ടുനിന്ന മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം വീണ്ടും മഞ്ഞ് എത്തുന്നു. ഈയാഴ്ച കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും, 1 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. മിതമായ രീതിയിലുള്ള കാറ്റും ഈയാഴ്ചയില്‍ ഉടനീളം ഉണ്ടാകും.

ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്യുമെങ്കിലും ഉച്ചയ്ക്ക് മുമ്പ് മാനം തെളിയും. 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. എന്നാല്‍ രാത്രിയില്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന മഴ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ച് ശക്തി പ്രാപിക്കും. രാത്രിയില്‍ 4 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയും.

ബുധന്‍

ബുധനാഴ്ച രാവിലെയും ശക്തമായ മഴയാണ് ഉണ്ടാകുക. ശേഷം മഴ കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് ചുരുങ്ങും. ഇതിന് കാരണം തെക്ക്-പടിഞ്ഞാറ് നിന്നും വീശുന്ന ശക്തമായ കാറ്റാണ്. എന്നാല്‍ ഈ കാറ്റ് കാരണം തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. 10 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

ബുധനാഴ്ച രാത്രിയോടെയുള്ള ചാറ്റല്‍ മഴ രാജ്യത്ത് പലയിടത്തും ഐസ് രൂപപ്പെടാന്‍ ഇടയാക്കും. 2 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുകയും ചെയ്യും.

വ്യാഴം

വ്യാഴാഴ്ച ഇടയ്ക്കിടെ മഴയും വെയിലും ലഭിക്കും. അതേസമയം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന മഴ നീണ്ടുനില്‍ക്കും. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില.

രാത്രിയില്‍ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ മഴ തുടരും. മറ്റ് പ്രദേശങ്ങളില്‍ തണുപ്പ് വര്‍ദ്ധിക്കുകയും, ഐസ് രൂപപ്പെടുകയും ചെയ്യും.

വെള്ളി

വെള്ളിയാഴ്ചയും മഴയും മഞ്ഞും ശക്തമാകും. 5 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

Share this news

Leave a Reply

%d bloggers like this: