അയർലണ്ടിലെ കെയറർമാർക്ക് സർക്കാർ പങ്കാളിത്തത്തോടെ പെൻഷൻ പദ്ധതി; വെളിപ്പെടുത്തി പ്രധാനമന്ത്രി

കെയറര്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സഹായധനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഐറിഷ് ഭരണഘടനയിലെ ഫാമിലി കെയര്‍ എന്നതിന്റെ നിര്‍വ്വചനം മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. വോട്ടെടുപ്പില്‍ പങ്കെടുത്ത 73% പേരും നിലവിലെ നിര്‍വ്വചനം മാറ്റേണ്ട എന്നാണ് നിലപാടെടുത്തത്.

ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുക, ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവദിക്കുന്ന അവധികളുടെ എണ്ണം കൂട്ടുക മുതലായ നടപടികളും ആലോചിച്ചുവരുന്നതായി വരദ്കര്‍ പറഞ്ഞു. ജോലി സംബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളും ഉറപ്പാക്കും.

കെയറര്‍മാര്‍ക്കും, ഭിന്നശേഷിയുള്ളവര്‍ക്കും ഒപ്പമാണ് സര്‍ക്കാര്‍ എന്ന് പ്രഖ്യാപിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, തങ്ങള്‍ അവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

നിലവിലെ സഹായധനങ്ങള്‍ പുനഃപരിശോധിക്കുകയും, ഒപ്പം കെയറര്‍മാര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെയുള്ള ഒരു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് പഠനം നടത്തിവരികയാണെന്നും വരദ്കര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: