അയർലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ലിയോ വരദ്കർ രാജിവച്ചു

അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമർപ്പിക്കുന്നതായി അദ്ദേഹം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തിൽ വരദ്കർ വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ Fine Gael പ്രസിഡന്റ്, നേതാവ് എന്നീ ചുമതലകളിൽ നിന്നും താൻ പടിയിറങ്ങുകയാണെന്നും വരദ്കർ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നൽകിയത് എന്നും രാജി പ്രഖ്യാപന വേളയിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ഇപ്പോഴത്തെ സഖ്യസർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

രാജി പ്രഖ്യാപിച്ചെങ്കിലും ഏപ്രിലിൽ നടക്കുന്ന Fine Gael പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പുതിയ ലീഡറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ പാർലമെന്റ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കൂ. അതുവരെ വരദ്കർ തൽസ്ഥാനത്തു തുടരും.

2017 ജൂണിൽ ആദ്യം പ്രധാനമന്ത്രിയായ വരദ്കർ അയർലണ്ടിൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ഇട്ടിരുന്നു. ഡബ്ലിൻ വെസ്റ്റ് മണ്ഡലത്തിൽ നിന്നും 2007 മുതൽ Fine Gael പാർട്ടി TD ആണ് അദ്ദേഹം. ഇന്ത്യൻ വംശജനുമാണ് അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: