വരദ്കറുടെ അപ്രതീക്ഷിത രാജി; അയർലണ്ടിൽ പൊതു തെരഞ്ഞെടുപ്പ് വരുമോ?

അയർലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷമായ Sinn Fein. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു രാഷ്ട്രീയവും, വ്യക്തിപരവുമായ കാരണങ്ങളാൽ രാജി സമർപ്പിക്കുന്നതായി വരദ്കർ പ്രഖ്യാപിച്ചത്. ഒപ്പം Fine Gael പാർട്ടി നേതാവ് എന്ന നിലയിൽ നിന്നും സ്ഥാനം ഒഴിയുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതേതുടർന്ന് ഏപ്രിലിൽ നടക്കുന്ന Fine Gael വാർഷിക സമ്മേളനത്തിന് ശേഷമാണ് പുതിയ നേതാവിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുക. പക്ഷേ ഇത് ഉപേക്ഷിച്ച് പൊതുതെരഞ്ഞെടുപ്പ് നടത്തണം എന്നാണ് Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് ആവശ്യപ്പെട്ടിരിക്കുന്നത്. Fine Gael ന്‍റെ ഉള്ളിൽ മാത്രം നടക്കുന്ന ഒരു ചർച്ചയാക്കി പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനെ മാറ്റി, പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണ് എന്നും അവർ വിമർശനമുയർത്തി.

നാലു വർഷം പ്രായമായ സർക്കാരിൽ ഇത് മൂന്നാമത്തെ പ്രധാനമന്ത്രി ആണെന്നും, വരദ്കറുടെ രാജി സർക്കാർ മുഴുവനായും പരാജയപ്പെട്ടു എന്നതിന് തെളിവാണെന്നും മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു.

സമാന അഭിപ്രായവുമായി Sinn Fein ധനകാര്യ വക്താവായ പിയേഴ്സ് ഡോഹെർട്ടിയും രംഗത്തെത്തി. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണോ, പുതിയ സർക്കാരിനെ തെരഞ്ഞെടുക്കണോ എന്ന് തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരം നൽകണം- അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: