കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതിൽ അയർലണ്ട് മുൻപന്തിയിൽ തന്നെ; റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശികളുടെയും അഭയാര്‍ത്ഥികളുടെയും കുടിയേറ്റം മുമ്പത്തെക്കാളും ചര്‍ച്ചയാകുന്നതിനിടെ Economic and Social Research Institute (ESRI) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായി വെളിപ്പെടുത്തല്‍. 2023-ല്‍ രാജ്യത്തെ 3,008 പേരെ പങ്കെടുപ്പിച്ച്, വളരെ വിശദമായും, ശാസ്ത്രീയമായും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരെ കൂടുതലായി സ്വാഗതം ചെയ്യാന്‍ അയര്‍ലണ്ടുകാര്‍ തയ്യാറാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. Department of Children, Equality, Disability and Youth-മായി ചേര്‍ന്നായിരുന്നു ഗവേഷണം നടത്തിയത്.

അയര്‍ലണ്ടുകാര്‍ ഈയിടെയായി കുടിയേറ്റക്കാരോടുള്ള മനോഭാവത്തില്‍ ചെറിയ രീതിയില്‍ അസ്വസ്ഥ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, മുന്‍ കാലങ്ങളെക്കാളും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാളും വിശാലമനസ്‌കത കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ വിവരങ്ങളും താരതമ്യം ചെയ്ത് പഠനവിധേയമാക്കിയിട്ടുണ്ട്. ഇതില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന മനോഭാവം വളരെയേറെ രാജ്യത്ത് വര്‍ദ്ധിച്ചതായി തെളിഞ്ഞു.

2022-ലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാര്‍ രാജ്യത്തെ സംസ്‌കാരം പോഷിപ്പിക്കാന്‍ സഹായിക്കുന്നുവെന്നും, സമ്പദ്‌വ്യവസ്ഥയെ വളരാന്‍ സഹായിക്കുന്നുവെന്നും ഭൂരിപക്ഷം പേരും കരുതുന്നതായാണ് മനസിലാക്കാന്‍ സാധിച്ചത്.

അതേസമയം കുടിയേറ്റം സംബന്ധിച്ച എല്ലാ കാര്യങ്ങളും നല്ലതാണെന്ന് ആളുകള്‍ കരുതുന്നില്ലെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. പ്രത്യേകിച്ചും 2023 ജൂണ്‍- നവംബര്‍ കാലഘട്ടത്തില്‍ കുടിയേറ്റത്തിന് എതിരായുള്ള മനോഭാവം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങളില്‍ ഒന്ന് കുടിയേറ്റമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിച്ചു. 2022-ല്‍ 3% ആളുകളാണ് ഇങ്ങനെ വിശ്വസിച്ചിരുന്നതെങ്കില്‍ 2023 അവസാനത്തോടെ അത് 14% ആയി ഉയര്‍ന്നു. എങ്കിലും 27 ഇയു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിയേറ്റക്കാരെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന ജനതയില്‍ ഒന്ന് അയര്‍ലണ്ടുകാര്‍ തന്നെയാണ്. പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജ്യം.

ഇയു രാജ്യങ്ങള്‍, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ 85% പേര്‍ പിന്തുണയ്ക്കുമ്പോള്‍, ഇവയ്ക്ക് പുറത്ത് നിന്നുള്ള കുടിയേറ്റത്തെ പിന്തുണയ്ക്കുന്നവര്‍ 73% ആണ്.

കൂടാതെ സര്‍വേയില്‍ പങ്കെടുത്തവരില്‍ കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതില്‍ ഭൂരിഭാഗവും ഇടതുപക്ഷ രാഷ്ട്രീയം ഉള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. രാജ്യത്ത് കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇടത്- വലത് ഭിന്നത രൂപപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

രാജ്യത്ത് ഈയിടെയായി അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഒരുക്കുന്ന കെട്ടിടങ്ങള്‍ക്ക് തീ വയ്ക്കുക, കെട്ടിടങ്ങളുടെ മുന്നില്‍ പ്രതിഷേധം പ്രകടനങ്ങള്‍ നടത്തുക മുതലായവ വര്‍ദ്ധിച്ചിട്ടുണ്ട്. തീവ്രവലതുപക്ഷ വാദികള്‍ കലാപവും, കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷപ്രചരണം നടത്തുന്നതും ഏറിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: