അയർലണ്ടിലെ അഞ്ച് കൗണ്ടികളിലായി 547 കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ സർക്കാർ; വിപണിയിലുള്ളതിനേക്കാൾ വാടക 25% കുറവ്

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരാനായി 100 മില്യണ്‍ യൂറോ മുടക്കി 500-ലധികം കോസ്റ്റ് റെന്റല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. വിപണിയിലെ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ വീടുകള്‍ വാടകയ്ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കോസ്റ്റ് റെന്റല്‍. 100 മില്യണ്‍ മുടക്കി അഞ്ച് കൗണ്ടികളിലായി നിര്‍മ്മിക്കപ്പെടുന്ന 547 വീടുകള്‍ക്ക്, വിപണിയിലെ നിരക്കിനെക്കാള്‍ 25% എങ്കിലും വാടക കുറവായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിന് പുറമെ 12 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കായി 3,250 കോസ്റ്റ് റെന്റല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 675 മില്യണ്‍ യൂറോ ഇതിനോടകം തന്നെ അനുവദിച്ചിട്ടുമുണ്ട്.

പുതിയ 547 വീടുകള്‍ ലീഷ്, കില്‍ഡെയര്‍, കില്‍ക്കെന്നി സിറ്റി, കോര്‍ക്ക് സിറ്റി, ഡബ്ലിന്‍ സിറ്റി എന്നിവിടങ്ങളിലാണ് നിര്‍മ്മിക്കുക. ഇതില്‍ തന്നെ 417 എണ്ണവും ഡബ്ലിനിലാണ്.

സോഷ്യല്‍ ഹൗസിങ് സപ്പോര്‍ട്ട് കിട്ടാന്‍ അര്‍ഹതയില്ലാത്തവരും, അതേസമയം സ്വകാര്യ വാടകമേഖലയിലെ നിരക്ക് താങ്ങാന്‍ കഴിയാത്തവരുമായ, ഇടത്തരം വരുമാനം ലഭിക്കുന്നവര്‍ക്കാണ് കോസ്റ്റ് റെന്റല്‍ വഴി വീട് വാടകയ്ക്ക് ലഭിക്കാന്‍ അര്‍ഹത. വിപണിയിലെ നിരക്കിന് പകരം, കെട്ടിടം നിര്‍മ്മിക്കാന്‍ ചെലവായ തുക, മെയിന്റനന്‍സ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വീടുകളുടെ വാടക നിശ്ചയിക്കുക.

വര്‍ഷം 66,000 യൂറോയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് ഡബ്ലിന്‍ പ്രദേശത്ത് കോസ്റ്റ് റെന്റല്‍ പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അര്‍ഹത. ഡബ്ലിന് പുറത്ത് രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളിലും 59,000 യൂറോയാണ് പദ്ധതി വഴി വീട് ലഭിക്കാനുള്ള പരമാവധി വാര്‍ഷിക വരുമാനം.

Share this news

Leave a Reply

%d bloggers like this: