കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി

മലയാളികളായ 200 നഴ്‌സുമാരെ ജോലി വാഗ്ദാനം നല്‍കി പറ്റിച്ചത് അയര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മറ്റൊരു മലയാളി. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റിയ ഇയാള്‍ കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സംഗതി പുറത്തായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഏതാനും മാസം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കാട്ടി തട്ടിപ്പുകാരന്‍ പരസ്യം നല്‍കിയത്. ഇത് കണ്ടാണ് നഴ്‌സുമാര്‍ ഇയാളുമായി ബന്ധപ്പെട്ടത്. ഇവരോട് എറണാകുളത്തെ ഒരു ഏജന്‍സി വഴി അപേക്ഷ നല്‍കാന്‍ പറഞ്ഞ തട്ടിപ്പുകാരന്‍, ഓരോരുത്തരില്‍ നിന്നും നാല് ലക്ഷം രൂപ വീതം വാങ്ങിക്കുകയും ചെയ്തു.

ഏജന്‍സി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും, പിന്നീട് അയര്‍ലണ്ടില്‍ നിന്നും ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടക്കുകയും ചെയ്തിരുന്നു. പിന്നീട് വര്‍ക്ക് പെര്‍മിറ്റ് എന്ന പേരില്‍ വാട്സാപ്പില്‍ ഒരു രേഖയും അയച്ചുകിട്ടി. രേഖകളെല്ലാം എറണാകുളത്തെ തന്നെ വിസ പ്രോസസിങ് കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ്- സെപ്റ്റംബര്‍ കാലയളവിലായിരുന്നു ഇതെല്ലാം നടന്നത്. ഒരു മാസത്തിനകം വിസ വരുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് വിസ നിരസിച്ചതായും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായുമുള്ള കത്താണ് എംബസിയില്‍ നിന്നും അപേക്ഷകര്‍ക്ക് ലഭിച്ചത്. വ്യാജരേഖകള്‍ സമര്‍പ്പിച്ചതാണ് കാരണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡല്‍ഹിയിലെ അയര്‍ലണ്ട് എംബസിയില്‍ നിന്നും അപേക്ഷകരെ വിളിച്ച് ശകാരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍, ഇതിലെ തങ്ങളുടെ പങ്ക് പുറത്തുപറയരുതെന്നും, അങ്ങനെയെങ്കില്‍ വിസയ്ക്കായി നല്‍കിയ പണം തിരികെ നല്‍കില്ലെന്നുമാണ് ഏജന്‍സി തന്ന മറുപടിയെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. ഇതോടെ രേഖകള്‍ തങ്ങള്‍ തന്നെ സ്വയം നിര്‍മ്മിച്ചതാണെന്ന് പറയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധിതരായി. ഇതോടെയാണ് ഇവര്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗള്‍ഫില്‍ നിന്നും ജോലി രാജിവച്ച് വന്നവരും ഇക്കൂട്ടത്തിലുണ്ട്.

തട്ടിപ്പ് പുറത്തായതോടെ പ്രതിയായ നഴ്‌സ് മുങ്ങുകയും, ഏജന്‍സിയില്‍ നിന്നും പ്രതികരണം ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. പ്രതിയെ പറ്റിയുള്ള കൂടുതല്‍ വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply