‘ആ 48 പേരും നിയമവിരുദ്ധമായി കൊല്ലപ്പെട്ടു’; സ്റ്റാർഡസ്റ്റ് ദുരന്തത്തിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം വിധി പറഞ്ഞ് ജൂറി

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്ത ദുരന്തമായ സ്റ്റാര്‍ഡസ്റ്റ് സംഭവത്തില്‍, ഇരകളെല്ലാം ‘നിയമവിരുദ്ധമായി കൊല്ലപ്പെട്ടു’ എന്ന് വിധി രേഖപ്പെടുത്തി ജൂറി. 1981 ഫെബ്രുവരി 14-ന് ഡബ്ലിനിലെ Artane-ലുള്ള സ്റ്റാര്‍ഡസ്റ്റ് ക്ലബ്ബിന് തീപിടിക്കുകയും, 48 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കും, 11 ദിവസത്തെ ചര്‍ച്ചയ്ക്കും ശേഷം ജൂറി വിധി പറഞ്ഞത്.

ക്ലബ്ബിലെ തീപിടിത്തത്തിന് കാരണം നിയമവിരുദ്ധമായ കാരണങ്ങളാണെന്ന് ഏഴ് സ്ത്രീകളും, അഞ്ച് പുരുഷന്മാരും അടങ്ങുന്ന ജൂറി കണ്ടെത്തുകയും, അത് കോറണര്‍ ആയ Dr Myra Cullinane-നെ അറിയിക്കുകയും ചെയ്തു. വാലന്റൈന്‍സ് ഡേ ആഘോഷത്തിനെത്തിയ 16 മുതല്‍ 27 വരെ പ്രായക്കാരായ 48 പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ വിധി പുറത്തുവന്നിരിക്കുന്നത്. കണ്ണീരോടെയും, കൈയടികളോടെയുമാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ Dublin District Coroner’s Court വിധിയെ സ്വാഗതം ചെയ്തത്. സംഭവത്തെ ജൂറി ‘Unlawful killing’ എന്ന് വിശേഷിപ്പിച്ചു.

സ്റ്റാര്‍ഡസ്റ്റിലെ ബാറിലുണ്ടായിരുന്ന ഹോട്ട് പ്രസ്സില്‍ സംഭവിച്ച ഒരു ഇലക്ട്രിക്കല്‍ പ്രശ്‌നമാണ് തീപിടിത്തത്തിന് കാരണമായതെന്നും ജൂറി കണ്ടെത്തി. പുലര്‍ച്ചെ 1.20-ഓടെയായിരുന്നു തീപിടിത്തം നടന്നത്.

സീറ്റ് കവര്‍, ചുവരിലെ കാര്‍പ്പറ്റ് ടൈല്‍സ്, മേല്‍ക്കൂരയുടെ ഉയരം എന്നിവയെല്ലാം തീ കൂടുതല്‍ ആളിപ്പടരാന്‍ കാരണമായി. തീ പടര്‍ന്നപ്പോള്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ എടുക്കാനും, ആളുകളെ രക്ഷപ്പെടുത്താനും ജീവനക്കാര്‍ക്ക് സാധിച്ചില്ല. തീപിടിത്തം ഉണ്ടായ സമയത്ത് ക്ലബ്ബിലെ പല എമര്‍ജന്‍സി വാതിലുകളും പൂട്ടിയിട്ടിരിക്കുകയുമായിരുന്നു. പലതും ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇത് ദുരന്ത തീവ്രത വര്‍ദ്ധിപ്പിച്ചു.

2023 ഏപ്രിലില്‍ ആരംഭിച്ച കേസ് വിചാരണ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. 122 ദിവസമാണ് ഇന്‍ക്വസ്റ്റ് നടന്നത്. 373 സാക്ഷികളില്‍ നിന്നായി 95 ദിവസം കൊണ്ട് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സംഭവത്തിന്റെ 43-ആം വര്‍ഷികം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിധി പുറത്തുവരുന്നത്. ഇക്കാലമത്രയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നീതിക്കായി കാംപെയിനിങ് നടത്തിവരികയായിരുന്നു.

1981-ല്‍ ആദ്യം കേസ് കോടതിയില്‍ എത്തിയിരുന്നെങ്കിലും തീപിടിത്തത്തിന്റെ കാരണം അടക്കമുള്ള മറ്റ് വിവരങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: