റഷ്യയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിലവിലെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ ആണ് സത്യപ്രതിജ്ഞയും സ്ഥാനാരോഹണ ചടങ്ങുകളും നടന്നത്.
മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ 87% വോട്ടുകൾ നേടിയായിരുന്നു പുടിന്റെ വിജയം. സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആരോപിച്ച് യുഎസ്സും, യു.കെയും, കാനഡയും, മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചില്ല.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999-ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. പിന്നീട് പ്രസിഡന്റുമായി. 2020-ൽ സ്വയം കൊണ്ടുവന്ന നിയമ പ്രകാരം ഇനി പുടിന് 2036 വരെ അധികാരത്തിൽ ഇരിക്കാനുള്ള അവകാശമുണ്ട്.
പുടിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായിരുന്ന അലക്സി നവൽനി ഇക്കഴിഞ്ഞ ഫെബ്രുവരി 4-ന് ജയിലിൽ കഴിയവേ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. കോടതിയലക്ഷ്യ കുറ്റം ആരോപിച്ചായിരുന്നു അദ്ദേഹത്തെ ജയിലിലടച്ചത്. പുടിൻ അദ്ദേഹത്തെ കൊലപ്പെടുത്തിയാണെന്ന സംശയം ഉയരുകയും ചെയ്തു.അദ്ദേഹത്തിന്റെ മരണത്തോടെ റഷ്യ പൂർണ്ണമായും പുടിന്റെ കൈപ്പിടിയിലൊതുങ്ങുകയും ചെയ്തു.
പുടിൻ കൊലപാതകിയും, നുണയനുമാണെന്നും പുടിന്റെ ഭരണം ഉടൻ അവസാനിച്ച് സത്യം പുലരുമെന്നും നവൽനിയുടെ ഭാര്യ യൂലിയ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതികരിച്ചു.