അയര്‍ലണ്ടിലെ കാലാവസ്ഥ ഈയാഴ്ച തണുപ്പേറിയതാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഇന്ന് (തിങ്കള്‍) പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. അന്തരീക്ഷതാപനില പകല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. എന്നാല്‍ നാളെ മുതല്‍ താപനില പടിപടിയായി കുറയുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ന് രാത്രി വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്‌തേക്കാം. 12 മുതല്‍ 8 ഡിഗ്രി വരെ താപനില കുറയും.
നാളെ രാവിലെയും പലയിടത്തും മഴയോടെയായിരിക്കും തുടക്കം. പിന്നീട് മാനം തെളിയും. ഇടയ്ക്കിടെ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്ക്, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് മഴ ബാധിക്കുക. 13 മുതല്‍ 16 ഡിഗ്രി വരെയാകും പരമാവധി താപനില. രാത്രിയില്‍ താപനില കുറഞ്ഞ് 6 മുതല്‍ 9 ഡിഗ്രി വരെയാകും അനുഭവപ്പെടുക.
ബുധനാഴ്ചയും രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരും. ഒപ്പം ശക്തമായ മഴയും, ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയും പെയ്യും. വടക്കന്‍ പ്രദേശങ്ങളെയാണ് മഴ കാര്യമായും ബാധിക്കുക. ഇവിടങ്ങളില്‍ ആലിപ്പഴം വീഴ്ചയ്ക്കും, ഇടിമിന്നലിനും സാധ്യതയുമുണ്ട്. 11 മുതല്‍ 14 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയിലും മഴ തുരുകയും, താപനില 6 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യും. വടക്കും, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രാത്രിയിലും മഴ പെയ്യും.
വ്യാഴാഴ്ച പരമാവധി 11 മുതല്‍ 14 ഡിഗ്രി വരെയാണ് താപനില ഉയരുക. വെയിലും, ഇടയ്ക്കിടെ ചാറ്റല്‍ മഴും ഉണ്ടാകും. എന്നാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. രാത്രിയില്‍ പതിവു പോലെ നല്ല തണുപ്പ് അനുഭവപ്പെടും.
വെള്ളിയാഴ്ചയും തണുപ്പ് തുടരുമെങ്കിലും പകല്‍ താപനില 11 മുതല്‍ 16 ഡിഗ്രി വരെ ഉയര്‍ന്നേക്കാം.