ഡബ്ലിനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ നിലവിൽ സർവീസിൽ ഉള്ളവരും, വിരമിച്ചവരും, മരണപ്പെട്ടവരുമായ എട്ട് ഗാർഡ ഉദ്യോഗസ്ഥർക്ക് ഗാർഡ കമ്മീഷണർ നൽകുന്ന പരമോന്നത ബഹുമതിയായ സ്കോട്ട് മെഡൽ സമ്മാനിച്ചു. കമ്മീഷണർ ഡ്രൂ ഹാരിസ്, നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്എന്റീ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എട്ട് മെഡലുകളിൽ രണ്ടെണ്ണം മരണാനന്തര ബഹുമതി ആയാണ് നൽകിയത്. ഇതിൽ ഒരെണ്ണം Irish Revolution Army (IRA) വെടിവച്ചു കൊന്ന ഗാർഡ ഉദ്യോഗസ്ഥനാണ് സമർപ്പിച്ചത്. 1971-ൽ കോർക്കിലെ Togher-ൽ തോക്കുമായി സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാൻ എത്തിയ മൂന്ന് പേരെ ധീരമായി പിടികൂടിയ ഡീറ്റെക്റ്റീവ് ഗാർഡ Garda Morgan Lahiffe- നും മരണാനന്തരം ബ്രോൺസ് സ്കോട്ട് മെഡൽ സമ്മാനിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം അന്തരിച്ചത്. മറ്റൊരു ഗാർഡ ഉദ്യോഗസ്ഥനായ Gerry O’Sullivan- ന്റെ ഒപ്പമായിരുന്നു Lahiffe, കൊള്ളക്കാരെ പിടികൂടിയത്.
ഡഗ്ലസിലെ ഒരു വീട്ടിൽ 2022-ലുണ്ടായ അക്രമ സംഭവം അന്വേഷിക്കാനെത്തിയതിനിടെ അക്രമിയിൽ നിന്നും കത്തി കൊണ്ട് കുത്തേറ്റ ഗാർഡ Timothy McSweeney-ക്ക് ചടങ്ങിൽ സിൽവർ മെഡൽ സമ്മാനിച്ചു.
ഡ്യൂട്ടിക്കിടെ അസാമാന്യ ധൈര്യവും, ജീവൻ പണയം വച്ചുള്ള ധീരതയും കാഴ്ച വയ്ക്കുന്നവർക്കാണ് സ്കോട്ട് അവാർഡുകൾ നൽകുന്നത്.