അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിതമായ തിരക്ക് മറ്റൊരു രോഗിയുടെ കൂടി ജീവനെടുത്തതായി കണ്ടെത്തല്‍. Tallaght University Hospital-ലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിച്ച രോഗിയാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം.
10 മിനിറ്റിനകം ചികിത്സ നല്‍കേണ്ട തരത്തില്‍ വളരെ വഷളായ നിലയിലായിരുന്നു Gary Crowley എന്ന 35-കാരനെ 2021 സെപ്റ്റംബര്‍ 21-ന് TUH-ല്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇദ്ദേഹം ആശുപത്രിയിലെത്തിയത്. 10 മിനിറ്റിനകം ചികിത്സ ലഭിക്കേണ്ടിയിരുന്ന Crowley-യെ ഡോക്ടര്‍ പരിശോധിച്ചത് 11 മണിക്കൂറുകള്‍ക്ക് ശേഷമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തന്നെ നഴ്‌സുമാര്‍ അവഗണിക്കുന്നതായി Crowley, മരിക്കുന്നതിന് മുമ്പ് വൈകിട്ട് 7 മണിയോടെ തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ആശുപത്രിയില്‍ ഒരു പ്ലാസ്റ്റിക് കസേരയില്‍ ആയിരുന്നു അദ്ദേഹം ഇരുന്നിരുന്നതെന്നും, ദേഹം മുഴുവന്‍ വേദന വന്നപ്പോഴും കിടക്കാന്‍ ഇടം ലഭിച്ചില്ലെന്നും സഹോദരിയായ Claire Crowley പറയുന്നു. രാത്രി 10.30-ഓടെ ‘പേടിക്കണ്ട, താന്‍ ഓക്കെ ആകും’ എന്ന് അവസാനമായി ഒരു ടെക്‌സ്റ്റ് മെസേജും ലഭിച്ചു. കോവിഡ് നിയന്ത്രണം കാരണം Claire-ന് ആശുപത്രിയില്‍ സഹോദരനൊപ്പം പോകാന്‍ സാധിച്ചിരുന്നില്ല. പിതാവാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
സഹോദരന്റെ അസുഖവിവരത്തെ പറ്റി ശരിയായ ഒരു കാര്യവും ആശുപത്രി അധികൃതര്‍ തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് Claire പറയുന്നു. ആശുപത്രിയില്‍ വച്ച് ആരോഗ്യസ്ഥിതി മോശമായ നിലയിലും, രക്തം ഛര്‍ദ്ദിക്കുന്ന നിലയിലും അദ്ദേഹത്തെ കണ്ടതായി ഒരു നഴ്‌സ് പിന്നീട് തങ്ങളോട് പറഞ്ഞതായും, രണ്ട് തവണ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവര്‍ നഴ്‌സിന്റെ വാക്കുള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും Claire പറയുന്നു.
Crowley-യെ അഡ്മിറ്റ് ചെയ്ത സമയത്ത് ആശുപത്രിയില്‍ വളരെയധികം തിരക്ക് ഉണ്ടായിരുന്നതായും, രോഗികളെ ശ്രദ്ധിക്കാന്‍ വെറും രണ്ട് നഴ്‌സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും TUH-ലെ ഒരു നഴ്‌സ് പറയുന്നു. സാധാരണയായി നാല് പേര്‍ ഉണ്ടാകുമായിരുന്നു. രോഗി എത്തി 15 മിനിറ്റനകം നഴ്‌സുമാര്‍ പ്രാഥമിക പരിശോധന നടത്തേണ്ടതുണ്ടെങ്കിലും Crowley-യെ നോക്കിയത് രണ്ട് മണിക്കൂറിന് ശേഷമാണ്.
ഉച്ചയ്ക്ക് 12.13-ന് അഡ്മിറ്റ് ചെയ്യപ്പെട്ട Crowley-ലെ രാത്രി 11.05-ന് ഡോക്ടര്‍ പരിശോധിച്ച് IV fluid നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പുലര്‍ച്ചെ 1 മണി വരെ തിരക്ക് കാരണം നല്‍കിയില്ല. പിന്നീട് IV fluid നല്‍കാന്‍ നോക്കിയപ്പോഴേയ്ക്കും Crowley പ്രതികരിക്കാതാകുകയും, പുലര്‍ച്ചെ 2.45-ഓടെ അദ്ദേഹം മരിക്കുകയും ചെയ്തു. കിഡ്‌നിയുടെ പ്രവര്‍ത്തനം പ്രശ്‌നത്തിലായതും, നിര്‍ജ്ജലീകരണവും അടക്കമുള്ളവയാണ് അദ്ദേഹത്തെ മരണത്തിലേയ്ക്ക് നയിച്ചത്. ആന്തരികമായ രക്തസ്രാവവും ഉണ്ടായിരുന്നു.
Dublin District Coroner’s Court-ല്‍ Crowley-യുടെ മരണം സംബന്ധിച്ച ഇന്‍ക്വസ്റ്റ് നടക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.