തങ്ങളുടെ ഏതാനും ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 0.25% കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ബാങ്ക് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ്, നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് എന്നിവയ്ക്കാണ് ഇത് ബാധകം. 250,000 യൂറോ മുതല്‍ മുകളിലേയ്ക്ക് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ആനുകൂല്യം ലഭിക്കും.
ഇതോടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 3.2% ആയും, നാല് വര്‍ഷ മോര്‍ട്ട്‌ഗേജിന്റേത് 3.7% ആയും കുറയും. പലിശനിരക്ക് കുറയ്ക്കുന്നതായി ഈ മാസം ആദ്യം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് AIB നടപടി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് AIB പലിശനിരക്ക് കുറയ്ക്കുന്നത്.
അതേസമയം നിലവിലെ Approval in Principle period ആറില്‍ നിന്നും 12 മാസമാക്കി ഉയര്‍ത്തിയതായും AIB അറിയിച്ചു. മോര്‍ട്ട്‌ഗേജ് വേണ്ടവര്‍ക്ക് വീട് കണ്ടെത്തി വാങ്ങാന്‍ ഇത് കൂടുതല്‍ സമയം നല്‍കും.