അയര്‍ലണ്ടിന്റെ ടാക്‌സ് വരുമാനം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 68.2% ബില്യണ്‍ യൂറോ ആണെന്ന് ധനകാര്യവകുപ്പ്. 2023-ലെ സമാനകാലയളവിനെ അപേക്ഷിച്ച് ടാക്‌സ് വരുമാനത്തില്‍ 6.8 ബില്യണ്‍ യൂറോ (11%) വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്‍കം ടാക്‌സ് വരുമാനം 1.6 ബില്യണ്‍ വര്‍ദ്ധിച്ച് (7.1%) 24.8 ബില്യണ്‍ യൂറോയും, VAT റവന്യൂ 1.2 ബില്യണ്‍ വര്‍ദ്ധിച്ച് (7.0%), 17.9 ബില്യണും, കോര്‍പ്പറേഷന്‍ ടാക്‌സ് 3.4 ബില്യണ്‍ വര്‍ദ്ധിച്ച് (23.3%) 17.8 ബില്യണ്‍ യൂറോ ആയതായും ധനകാര്യവകുപ്പ് അറിയിച്ചു.
2024 മൂന്നാം പാദത്തിലെ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ആകെ ടാക്‌സ് വരുമാനമായ 23.4 ബില്യണ്‍ യൂറോ, കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 3 ബില്യണോളം (14.5%) അധികമാണ്. കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനയാണ് ഇതിന് പ്രധാന കാരണം.
അതേസമയം ചെലവ് (gross voted expenditure) സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 72.1 ബില്യണ്‍ യൂറോ ആണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 7.7 ബില്യണ്‍ യൂറോ അധികമായി (12%) ചെലവാക്കി.
ഖജനാവില്‍ 5 ബില്യണ്‍ യൂറോയുടെ മിച്ചവും സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കണക്കാക്കിയിട്ടുണ്ട്.
രാജ്യത്തെ ടാക്‌സ് വരുമാനം നല്ല രീതിയില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.