ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് കോടതി; US ലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസം

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇതാണ് നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കുന്നത് കോടതി തടഞ്ഞത്.

അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമെന്ന് മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറഞ്ഞു.

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് തടയുകയാണ്. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനം നീട്ടിവെയ്ക്കുന്നു. നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു. ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും, നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നാണ് ഉത്തരവിൽ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: