അയർലണ്ടിൽ ഇന്ധന വില വീണ്ടും ഉയരുന്നു; ഡീസൽ വില ലിറ്ററിന് 2.16 യൂറോ, രാജ്യം വീണ്ടും പ്രതിഷേധത്തിലേയ്ക്കോ?

By Rose Malayalam Desk

അയർലണ്ടിൽ ഇന്ധന വില വീണ്ടും വർദ്ധിക്കുന്നു. രാജ്യവ്യാപകമായ ഇന്ധന പ്രതിഷേധങ്ങൾക്ക് കാരണമായ ഏപ്രിൽ മാസത്തിലെ അധിക നിരക്കുകളിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് fuelwatch.ie എന്ന ഫ്യുവൽ മോണിറ്ററിംഗ് സൈറ്റ് വ്യക്തമാക്കുന്നത്.

പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 1.99 യൂറോയും, ഡീസലിന്റെ വില ലിറ്ററിന് 2.16 യൂറോയുമാണ് നിലവിൽ. കഴിഞ്ഞ ഏപ്രിലിൽ പ്രതിഷേധം ആരംഭിക്കുമ്പോൾ പെട്രോളിന് ശരാശരി 2.12 യൂറോയും ഡീസലിന് 2.27 യൂറോയുമായിരുന്നു വില.

ഡീസലിന്റെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാനുമായി യുദ്ധം ആരംഭിച്ചത്തോടെയാണ് ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത്. യുദ്ധത്തെത്തുടർന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗൾഫ് എണ്ണ കയറ്റുമതി തടസ്സപ്പെട്ടതും വില ഉയരാൻ കാരണമായി. ഇതിനിടെ മറ്റ് ജി7 രാജ്യങ്ങൾ അടിയന്തര ശേഖരത്തിൽ നിന്ന് ഇന്ധനം തുറന്നുവിടാൻ സമ്മതിച്ചതിനെത്തുടർന്ന്, യുഎസിൽ നിന്നുള്ള ഡീസൽ കയറ്റുമതി നിരോധന ഭീഷണി താൽക്കാലത്തേയ്ക്ക് ഒഴിഞ്ഞിട്ടുണ്ട്.

യുഎസ്-ഇറാൻ യുദ്ധത്തിനു മുമ്പ്
ഫെബ്രുവരി പകുതിയോടെ ശരാശരി ഡീസൽ വില ലിറ്ററിന് 1.74 യൂറോയും പെട്രോൾ വില 1.75 യൂറോയുമായിരുന്നു. എന്നാൽ മാർച്ച് തുടക്കത്തോടെ വില കുത്തനെ ഉയരാൻ തുടങ്ങി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുകയാണെങ്കിൽ, പെട്രോളിനും ഡീസലിനും 2 യൂറോയ്ക്ക് മുകളിലുള്ള വില സാധാരണ അവസ്ഥയായി മാറിയേക്കാമെന്ന് ചില വ്യവസായ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയും പ്രധാന ഡീസൽ ഉത്പാദകരാണ്, ഒപ്പം അവരുടെ ഉത്പാദന ശേഷിയുടെ ഒരു ഭാഗം സംഘർഷത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. ചൈനയിലെയും ഇന്ത്യയിലെയും മറ്റ് വലിയ തോതിലുള്ള ശുദ്ധീകരണശാലകൾ അവരുടെ ആഭ്യന്തര ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ഗൾഫിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നവരുമാണ്, എന്നാൽ ഈ വിതരണവും ഇപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്.

ഏപ്രിൽ 7 മുതൽ 14 വരെ അയർലണ്ടിൽ നടന്ന ഇന്ധന പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളെയും സ്തംഭിപ്പിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ 505 ദശലക്ഷം യൂറോയുടെ സഹായ പാക്കേജ് പ്രഖ്യാപിക്കുകയും, പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കുറച്ചുകൊണ്ടുള്ള താൽക്കാലിക ഇളവുകൾ നീട്ടുകയും ചെയ്തു.

2027 ലെ ബജറ്റിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും താൽക്കാലിക എക്സൈസ് ഡ്യൂട്ടി ഇളവുകൾ വസന്തകാലത്തിന്റെ തുടക്കം വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് പൊതുചെലവ് വകുപ്പ് മന്ത്രി ജാക്ക് ചേമ്പേഴ്സ് സൂചിപ്പിച്ചിട്ടുണ്ട്. ഒറ്റത്തവണ ഇന്ധന അലവൻസ് നൽകുന്ന കാര്യവും ചർച്ചയിലുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments