അയർലണ്ടിൽ പെട്രോൾ, ഡീസൽ നികുതിയിളവ് നീട്ടാൻ സർക്കാർ; ജനങ്ങൾക്ക് ആശ്വാസം

By Rose Malayalam Desk

രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന എക്‌സൈസ് തീരുവ കുറച്ചത് നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നേരത്തെ ജൂലൈ 31 വരെയാണ് എക്‌സൈസ് ഇളവ് അനുവദിച്ചിരുന്നതെങ്കിലും ഇത് ഇനിയും നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നാളെ ചര്‍ച്ചയുണ്ടാകും. മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ രാജ്യവ്യാപകമായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രിലിലാണ് സര്‍ക്കാര്‍ പെട്രോളിനും, ഡീസലിനും എക്‌സൈസ് നികുതിയിളവ് പ്രഖ്യാപിച്ചത്.

നിലവില്‍ ഡീസലിന് 32 സെന്റ്, പെട്രോളിന് 27 സെന്റ് എന്നിങ്ങനെയാണ് സര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇത് ജൂലൈ മാസത്തില്‍ അവസാനിക്കാനിരിക്കുകയാണ്. അതേസമയം ഈ കാലാവധി ഇനിയും നീട്ടണമെങ്കില്‍ പാര്‍ലമെന്റ് പുതിയ നിയമം പാസാക്കേണ്ടതുണ്ട്. ജൂലൈ 16-ന് പാര്‍ലമെന്റ് സമ്മേളം തുടങ്ങാനിരിക്കുകയുമാണ്.

ജൂലൈ അവസാനിക്കുന്നതോടെ വീണ്ടും ഇന്ധനവില ഉയരുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും കഴിഞ്ഞയാഴ്ച സൂചനകള്‍ നല്‍കിയിരുന്നു. ഇതിന്റെ ബാക്കിപത്രമായി എക്‌സൈസ് നികുതിയിളവ് തുടരുമെന്നാണ് പ്രതീക്ഷ. ഇന്ധനവില വര്‍ദ്ധിച്ചാല്‍ രാജ്യത്തെ പണപ്പെരുപ്പം വര്‍ദ്ധിക്കുമെന്നതും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. നേരത്തെ എക്‌സൈസ് നികുതി കുറച്ചത് പണപ്പെരുപ്പം 0.6% കുറയ്ക്കാന്‍ സഹായിച്ചതായാണ് ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments