അയർലണ്ടിൽ വൈദ്യുതിക്ക് 9% വില കൂടിയേക്കുമെന്ന് മന്ത്രി

By Rose Malayalam Desk

അയര്‍ലണ്ടിലെ വൈദ്യുതിവില 9 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി ഊര്‍ജ്ജവകുപ്പ് മന്ത്രി ഡാര ഒ’ബ്രിയന്‍. മിഡില്‍ ഈസ്റ്റ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ 4 മുതല്‍ 9 ശതമാനം വരെ വൈദ്യുതിനിരക്ക് കൂടിയേക്കാം എന്ന് RTE Radio-യിലെ ഒരു പരിപാടിയില്‍ ആണ് ഒ’ബ്രിയന്‍ അഭിപ്രായപ്പെട്ടത്. ഇന്ധനവില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.

വൈദ്യുതി, ഗ്യാസ് എന്നിവയില്‍ ഇതുവരെ വര്‍ദ്ധന സംഭവിച്ചിട്ടില്ലെന്നും, എന്നാല്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളോടെ അത് സംഭവിച്ചേക്കാമെന്നും ഒ’ബ്രിയന്‍ പറഞ്ഞു. അതേസമയം ഭാവിയില്‍ എനര്‍ജി ക്രെഡിറ്റുകള്‍ നടപ്പിലാക്കുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്ന് മന്ത്രി സൂചന നല്‍കിയെങ്കിലും, ഇതിനോടകം തന്നെ ഇത്തരം പ്രതിസന്ധികള്‍ നേരിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഈയിടെ സര്‍ക്കാര്‍ കൊണ്ടുവന്ന 750 മില്യണ്‍ സഹായ പാക്കേജ് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പാക്കേജുകളിലൊന്നാണെന്ന് പറഞ്ഞ ഒ’ബ്രിയന്‍, ജനങ്ങള്‍ അത് മനസിലാക്കുമെന്നാണ് കരുതുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments