ഇന്ധനവില വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതായി പുതിയ കണക്കുകള്‍. നിലവില്‍ രാജ്യത്ത് വില്‍പ്പന നടക്കുന്ന പുതിയ കാറുകളില്‍ മൂന്നില്‍ രണ്ടും ഇവി, ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഇവി വാഹനങ്ങളാണ്. ഇവ മൂന്നും കൂട്ടിയാല്‍ ആകെ വില്‍പ്പനയുടെ 65.7% വരും. ഇതില്‍ തന്നെ ഇവികളുടെ വില്‍പ്പന മെയ് മാസത്തില്‍ ഇരട്ടിയാകുകയും ചെയ്തിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രി കണക്കുകള്‍ വ്യക്തമാക്കുന്നു.
2026-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 83,038 പുതിയ കാറുകളുടെ രജിസ്‌ട്രേഷനാണ് രാജ്യത്ത് നടന്നത്. മെയ് മാസത്തില്‍ മാത്രം 10,087 കാറുകള്‍ വിറ്റുപോയി. ഇതില്‍ 2,335 എണ്ണവും ഫുള്ളി ഇലക്ട്രിക് വാഹനങ്ങളാണ്.
അതേസമയം രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഹൈബ്രിഡ് എഞ്ചിന്‍ ഉപയോഗിക്കുന്ന കാറുകളാണ്. ഈ വര്‍ഷം ആകെ നടന്ന വില്‍പ്പനകളില്‍ 28 ശതമാനവും ഹൈബ്രിഡുകളാണ്. 23% ഇവി, 21.4% പെട്രോള്‍, 14.7% പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്നിവ വിറ്റഴിച്ചപ്പോള്‍ ഡീസല്‍ കാര്‍ വില്‍പ്പന 12.9% ആയി കുറഞ്ഞു.
പതിവുപോലെ ടൊയോട്ടയുടെ കാറുകളാണ് രാജ്യത്ത് നിലവില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത്. 14% ആണ് കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍. ഫോക്‌സ് വാഗണ്‍ (11.3%), സ്‌കോഡ (9.85%), ഹ്യുണ്ടായ് (8.7%) എന്നിവയാണ് പിന്നാലെ.
പുതിയ കാറുകളില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡല്‍ ടൊയോട്ടയുടെ യാരിസ് ക്രോസ് ആണ്- ഈ വര്‍ഷം ഇതുവരെ ഈ മോഡലിന്റെ 2,738 രജിസ്‌ട്രേഷനുകളാണ് നടന്നിട്ടുള്ളത്. രണ്ടാമതുള്ള ഹ്യൂണ്ടായ് ടൂസോണ്‍ 2,509 മോഡലുകള്‍ വിറ്റഴിച്ചു.
രാജ്യത്ത് പതിവിന് വിപരീതമായി ചൈനീസ് കമ്പനികളും കാര്‍ വില്‍പ്പന ഉയര്‍ത്തിവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോപ്യന്‍, ജാപ്പനീസ്, കൊറിയന്‍ ബ്രാന്‍ഡുകളുടെ ആധിപത്യം കുറയാന്‍ ഇത് കാരണമായേക്കും. 5.5% ആണ് നിലവില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ മാര്‍ക്കറ്റ് ഷെയര്‍.
ഇവി കാറുകളില്‍ വില്‍പ്പനയില്‍ മുന്നിലുള്ളത് ഫോക്‌സ് വാഗണ്‍ ആണ്. ഈ വര്‍ഷം ആകെ വിറ്റ 19,050 ഇവികളില്‍ 2,464 എണ്ണം ഫോക്‌സ് വാഗണിന്റേത് ആണ്. ഹ്യുണ്ടായ് (2,168), ഒരെണ്ണത്തിന്റെ മാത്രം വില്‍പ്പനക്കുറവില്‍ കിയ (2,167), സ്‌കോഡ (1,463), BYD (1,363) എന്നിവയാണ് പിന്നാലെ. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ഇവി മോഡല്‍ ഫോക്‌സ് വാഗണിന്റെ ID.4 ആണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രൈവറ്റ് കാറുകളില്‍ ഇവി ആധിപത്യം തുടരുന്നുണ്ടെങ്കിലും റെന്റല്‍ കാര്‍ മാര്‍ക്കറ്റില്‍ ഇപ്പോഴും പെട്രോള്‍ കാറുകളാണ് മുമ്പന്‍. ഈ വര്‍ഷത്തെ 9,245 റെന്റല്‍ കാര്‍ രജിസ്‌ട്രേഷനുകളില്‍ 47 ശതമാനവും പെട്രോള്‍ മോഡലുകളാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments