ബലിമണിൽ പരസ്പരം പോരടിക്കുന്ന ഗ്യാങ്ങുകൾ ജനങ്ങളെ ഭീതിയിലാക്കുന്നു; പ്രദേശത്ത് തോക്കുകൾ നിറയുന്നതായും റിപ്പോർട്ട്

By Rose Malayalam Desk

ഡബ്ലിനിലെ ബാലിമണില്‍ പരസ്പരം പോരടിക്കുന്ന സംഘങ്ങള്‍ ആളുകളെയാകെ ഭയത്തിലാക്കുന്നതായി കൗണ്‍സിലര്‍. പ്രദേശത്തെ പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് കൗണ്‍സിലറായ കോണര്‍ റെഡ്ഡിയാണ് പ്രദേശത്തെ ഗുരുതര സാഹചര്യത്തെ പറ്റി ന്യൂസ്‌ടോക്കില്‍ സംസാരിക്കവെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രദേശത്ത് നടക്കുന്ന അക്രമപരമ്പരയില്‍ ആളുകള്‍ ഭയചകിതരാണെന്നും, കഴിഞ്ഞയാഴ്ച ഒരു മൈതാനത്തിന് സമീപം തോക്ക് കണ്ടെടുത്തിരുന്നുവെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഈയാഴ്ച ആദ്യം ബാലിമണ്‍ പ്രദേശത്ത് 11 വയസുള്ള ഒരു കുട്ടി തോക്കെടുത്ത് വെടിവച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കൗണ്‍സിലറുടെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ ആറും 11-ഉം വയസുള്ള രണ്ട് കുട്ടികളുടെ കൈയിൽ തിര നിറച്ച തോക്ക് ലഭിക്കുകയും, 11-കാരന്‍ നിലത്തേയ്ക്ക് വെടിവയ്ക്കുകയുമായിരുന്നു. വെടിയുണ്ട ആരുടെയും ദേഹത്ത് പതിക്കാഞ്ഞതിനാല്‍ അപകടം ഒഴിവായി. കുറച്ച് സമയത്തിന് ശേഷം ബൈക്കിലെത്തിയ രണ്ടുപേര്‍ ഈ തോക്ക് വാങ്ങി പോകുകയും ചെയ്തിരുന്നു. ഊര്‍ജ്ജിതമായ തിരച്ചിലിന് ശേഷവും ഗാര്‍ഡയ്ക്ക് ഈ തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ ഒരു ചെറുപ്പക്കാരനും കൗമാരക്കാരനും പിന്നീട് അറസ്റ്റിലായി.

ഇതുകൂടാതെ മറ്റൊരു സംഭവത്തില്‍ ബാലിമണ്‍ ഗാര്‍ഡ സ്റ്റേഷന് സമീപം ഒരാളെ തോക്കുമായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്‌റ്റേഷനില്‍ ഗാര്‍ഡ ഒരാളെ തടങ്കലില്‍ വച്ചിരിക്കുന്ന സമയത്തായിരുന്നു ഇത്. ഇവര്‍ രണ്ടുപേരും പ്രദേശത്ത് നടന്നുവരുന്ന ഗ്യാങ് വാറില്‍ പെട്ടവരാണെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് ഗ്യാങ് വാറുകള്‍ നടന്നുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും പ്രദേശത്തെ ആളുകള്‍ മുഴുവനുമാണ് ഇതിന്റെ വില കൊടുക്കേണ്ടിവരുന്നതെന്ന് കൗണ്‍സിലര്‍ റെഡ്ഡി പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments