ജൂലൈ 1 മുതൽ വൈദ്യുതി, ഗ്യാസ് വിലകൾ വർദ്ധിപ്പിക്കുമെന്ന് ഇലക്ട്രിക് അയർലണ്ട്

By Rose Malayalam Desk

വൈദ്യുതിയുടെയും ഗ്യാസിന്റെയും യൂണിറ്റ് നിരക്ക് 9.5 ശതമാനം വീതം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപിച്ച് രാജ്യത്തെ വൈദ്യുതി വിതരണക്കാരായ ഇലക്ട്രിക് അയർലണ്ട്. ഇത് 1.1 മില്യൺ വൈദ്യുതി ഉപഭോക്താക്കളെയും 145,000 ഗ്യാസ് ഉപഭോക്താക്കളെയും ബാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം സ്റ്റാൻഡിംഗ് ചാർജുകളിൽ വർദ്ധനവ് വരുത്തുന്നില്ല എന്ന് അധികൃതർ വ്യക്തമാക്കി.

ശരാശരി ഉപയോഗത്തെ അടിസ്ഥാനമാക്കി നോക്കിയാൽ, ഒരു സാധാരണ വൈദ്യുതി ബില്ലിൽ 8 ശതമാനത്തിന്റെയും സാധാരണ ഗ്യാസ് ബില്ലിൽ 7.7 ശതമാനത്തിന്റെയും വർദ്ധനവ് ഇതുമൂലം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അതായത് വാർഷിക വൈദ്യുതി ബില്ലിൽ ഏകദേശം 138 യൂറോയുടെയും, ഗ്യാസ് ബില്ലിൽ 117 യൂറോയുടെയും വർദ്ധനവ് ആണ് ഉണ്ടാകുക എന്ന് വെബ്‌സൈറ്റായ Bonkers.ie പറഞ്ഞു.

അതേസമയം യൂറോസ്റ്റാറ്റിന്റെ (Eurostat) റിപ്പോർട്ട് പ്രകാരം, അയർലണ്ടിലെ ഒരു ശരാശരി കുടുംബം യൂറോപ്യൻ യൂണിയനിലെ ശരാശരിയേക്കാൾ ഏകദേശം 480 യൂറോ പ്രതിവർഷം വൈദ്യുതിക്കായി അധികം നൽകുന്നുണ്ട് എന്നൊരു റിപ്പോർട്ട്‌ ഈയിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഗ്യാസ്, വൈദ്യുതി വില വർദ്ധന പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഉയർന്ന ഊർജ്ജച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ സർക്കാരിന്റെ ഇന്ധന അലവൻസ് (Fuel Allowance) അല്ലെങ്കിൽ സൗജന്യ വൈദ്യുതി അലവൻസ് (Free Electricity Allowance) തുടങ്ങിയ സഹായങ്ങൾക്ക് തങ്ങൾക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കുന്നത് അഭികാമ്യമാണ്. അതുപോലെ വിതരണക്കാരെ ‘സ്വിച്ച്’ ചെയ്യുന്നതും ലാഭം ഉണ്ടാക്കിയേക്കാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments