അയർലണ്ടിലെ പുതിയ ഡെപ്യൂട്ടി ഗാർഡ കമ്മീഷണറായി പോൾ ക്ലിയറി

By Rose Malayalam Desk

രാജ്യത്തെ പുതിയ ഡെപ്യൂട്ടി ഗാര്‍ഡ കമ്മീഷണറായി പോള്‍ ക്ലിയറിയെ നിയമിച്ച് സര്‍ക്കാര്‍. രാജ്യസുരക്ഷ, തന്ത്രരൂപീകരണം, ഗാര്‍ഡയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നിവയിലൂന്നിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.

രാജ്യത്ത് നടന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ അന്വേഷണങ്ങളിലൂടെ പ്രശസ്തനാണ് ക്ലിയറി. ഡബ്ലിന്‍ കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍, ഡിറ്റക്ടീവ് സൂപ്രണ്ട് എന്നീ പദവികളിലിരിക്കെ ഹച്ച്-കിനഹാന്‍ കുടിപ്പകയുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണം നടത്തിയിരുന്നു. ഈ കേസില്‍ കുപ്രസിദ്ധ കുറ്റവാളിയായ ഫ്രെഡ്ഡി തോംപ്‌സണ് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

കിനഹാന്‍ കുറ്റവാളി സംഘത്തെ തടയാന്‍ രൂപീകരിച്ച Operation Thistle-ല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. ഡബ്ലിനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കിനഹാന്‍ സംഘവുമായി ബന്ധമുള്ള ഡച്ച് ക്രിമിനലായ നൗഫല്‍ ഫാസിയെ പിടികൂടിയ സംഘത്തിലും ക്ലിയറി ഉണ്ടായിരുന്നു.

30 വര്‍ഷത്തിലേറെ സര്‍വീസുള്ള ക്ലിയറി, 2025 സെപ്റ്റംബര്‍ മുതല്‍ ആക്ടിങ് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയാണ്. നിയമനത്തെ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി സ്വാഗതം ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments