ഡബ്ലിനിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട കോംഗോ സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

By Rose Malayalam Desk

ഡബ്ലിനിലെ കടയില്‍ മോഷണക്കുറ്റമാരോപിക്കപ്പെട്ട കോംഗോ സ്വദേശി മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. കഴിഞ്ഞ വെള്ളിയാള്ചയാണ് ഡബ്ലിനിലെ ഒരു കടയില്‍ വച്ച് Yves Sakila എന്ന ചെറുപ്പക്കാരനെ മോഷണക്കുറ്റമാരോപിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയും, പിന്നാലെ ഇദ്ദേഹം മരിക്കുകയും ചെയ്തത്.

Sakila-യുടെ മരണത്തില്‍ അനുശോചനമറിയിച്ച പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ഹെന്റി സ്ട്രീറ്റിലുള്ള ഒരു കടയില്‍ വച്ച് മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ Sakila-യെ പിടികൂടിയെന്നും, ഇതിനിടെ ഇദ്ദേഹം ബോധരഹിതനായെന്നും ഗാര്‍ഡ പറയുന്നു. ആശുപത്രിയിലെത്തിച്ച ശേഷം ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹെന്റി സ്ട്രീറ്റില്‍ ഒത്തുകൂടിയ ജനങ്ങള്‍ Sakila-ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും, ഇത്തരം ആക്രമണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തു. ഇത് തൊലിയുടെ നിറം സംബന്ധിച്ചല്ല എന്നും, ഇത്തരമൊരു അനുഭവം ആര്‍ക്കും വരാമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അഥവാ മോഷണം നടന്നെങ്കില്‍ തന്നെ അപ്പോള്‍ ഗാര്‍ഡയെ വിളിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

എത്രയോ വെളുത്ത വര്‍ഗ്ഗക്കാര്‍ കോംഗോയില്‍ വരികയും, രത്‌നങ്ങളും സ്വര്‍ണ്ണവും മോഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍, അവര്‍ക്കൊന്നും ഈ ഗതി വരുന്നില്ലല്ലോ എന്നും ചോദ്യമുയര്‍ത്തി. സെക്യൂരിറ്റി ജീവനക്കാര്‍ Sakila-യെ ഉപദ്രവിച്ചപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതിനെ പറ്റിയും വിമര്‍ശനങ്ങളുയരുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments