ഈയിടെയുണ്ടായ ഇന്ധനവില പ്രതിഷേധങ്ങൾ സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ ഭരണകക്ഷിയായ ഫിയനാ ഫാളിന്റെ ടിഡിമാർ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ പാർട്ടി നേതാവും, പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിന് പിന്തുണയുമായി മറ്റ് മന്ത്രിമാർ. പാർട്ടിയിലെ മൂന്ന് യുവ ടിഡിമാരാണ് സർക്കാർ വിഷയം കൈകാര്യം ചെയ്തതിൽ ആശങ്ക അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ധന പ്രതിഷേധങ്ങളുടെയും ഉപരോധങ്ങളുടെയും പേരിൽ മറ്റ് ചില പാർട്ടി അംഗങ്ങളും തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പിന്നാലെ പ്രധാനമന്ത്രിക്ക് പൂർണ പിന്തുണയുമായി മന്ത്രിമാർ രംഗത്തുവന്നു. തനിക്ക് മീഹോൾ മാർട്ടിനിലും സർക്കാരിനും ഐറിഷ് ജനതയിലും വിശ്വാസമുണ്ട് എന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി ഡാര കാലിയറി ഒരു പ്രസ്താവനയിൽ പറഞ്ഞു.
“അസാധാരണമായ ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ഇപ്പോൾ ആവശ്യം സ്ഥിരതയും, രാജ്യത്തുടനീളമുള്ള ആളുകൾ നേരിടുന്ന വെല്ലുവിളികളിൽ ശ്രദ്ധയുമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയെ താൻ പിന്തുണയ്ക്കുന്നതായും, അദ്ദേഹത്തിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ എതിർക്കുന്നതായും നീതിന്യായ മന്ത്രി ജിം ഒ’കല്ലഗനും പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിക്കെതിരെ സർക്കാരിൽ അട്ടിമറി നീക്കം നടക്കുന്നുവെന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ട് പൊതുധന വിനിയോഗവകുപ്പ് മന്ത്രി ജാക്ക് ചേമ്പേഴ്സും രംഗത്ത് വന്നു. മുതിർന്ന പാർട്ടി നേതാക്കൾക്ക് ആർക്കും തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാർട്ടിൻ മാറണം എന്നില്ലെന്നും ചേമ്പേഴ്സ് വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments