വൻ വിജയമായി ഗാർഡയുടെ ‘ഓപ്പറേഷൻ തോർ’; ശീതകാല കവർച്ച കുറഞ്ഞത് 80%, കവർച്ച ഏറ്റവുമധികം വെള്ളി, ശനി ദിവസങ്ങളിൽ

By Rose Malayalam Desk

ഗാര്‍ഡ നടത്തിവരുന്ന ‘ഓപ്പറേഷന്‍ തോറി’ന്റെ ഭാഗമായി 2024-25 വിന്റര്‍ സീസണിനെ അപേക്ഷിച്ച് 2025-2026 വിന്റര്‍ സീസണിലെ കവര്‍ച്ചകളില്‍ 14% കുറവ് വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വീടുകള്‍ കുത്തിത്തുറന്നുള്ള കവര്‍ച്ചകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ സീസണിലാണ്.

2015 നവംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ തോര്‍ (Operation Thor), രാജ്യത്ത് ശീതകാലത്ത് നടക്കാറുള്ള കവര്‍ച്ചകള്‍, ഭവനഭേദനം മുതലായവ തടയുക ലക്ഷ്യമിട്ടാണ് നടത്തിവരുന്നത്. ഓരോ വര്‍ഷവും ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഓപ്പറേഷന്‍ തോര്‍ നടപടികള്‍ നടക്കുക. ഈ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷമുള്ള 11 വര്‍ഷങ്ങള്‍ക്കിടെ ശീതകാല കവര്‍ച്ചകളും, കൊള്ളകളും 80% കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025-26 സീസണില്‍ ഏകദേശം 2,600 ഭവനഭേദനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014-15 സീസണില്‍ ഇത് 12,000 ആയിരുന്നു.

2025-26-ല്‍ ഓപ്പറേഷന്‍ തോറിന്റെ ഭാഗമായി ആകെ 4,300-ഓളം സംഭവങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 94.7 ശതമാനവും കവര്‍ച്ച ആണ്. 2.8 ശതമാനം അക്രമാസക്തമായ കവര്‍ച്ച, 2.4 ശതമാനം കൊള്ള/ മോഷണം എന്നിവയ്ക്കിടെ ആയുധം കൈവശം വയ്ക്കുക എന്നിവയുമാണ്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ആകെ റിപ്പോര്‍ട്ട് ചെയ്ത കവര്‍ച്ചകളില്‍ 64% ഭവനഭേദനം നടത്തിയുള്ളവയാണ്. 36% അല്ലാത്ത തരത്തിലുള്ള ആകെ കവര്‍ച്ചകളും.

വീടുകള്‍ (53.4%), കടകള്‍ (8.4%), അപ്പാര്‍ട്ട്‌മെന്റുകള്‍ (4.7%), റസ്റ്ററന്റുകള്‍ (3.9%) എന്നിങ്ങനെയാണ് ഓരോയിടത്തും നടത്തിയ കവര്‍ച്ചകളുടെ ശതമാനക്കണക്ക്.

പ്രദേശക്കണക്ക് എടുത്താല്‍ ഓപ്പറേഷന്‍ തോറിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത ആകെ കവര്‍ച്ചകളില്‍ 44% ഡബ്ലിന്‍ മെട്രോ പൊളിറ്റനിലാണ്. ഈസ്റ്റേണ്‍ റീജിയനില്‍ 24 ശതമാനവും, സതേണ്‍ റീജിയനില്‍ 17 ശതമാനവും, നോര്‍ത്ത് വെസ്‌റ്റേണ്‍ റീജിയനില്‍ 12 ശതമാനവുമാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2025-26-ലെ കണക്കെടുത്താല്‍ 78% കവര്‍ച്ചകള്‍ നടന്നിട്ടുള്ളത് വൈകിട്ട് 6 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവുമധികം കവര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments