അയർലണ്ടിൽ ലൈംഗികാതിക്രമത്തിൽ നിന്നും സഹായം തേടുന്നവരുടെ എണ്ണം റെക്കോർഡ് നിരക്കിൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ ലൈംഗികാതിക്രമം അനുഭവിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടുന്നത് 2025-ല്‍ റെക്കോര്‍ഡിലെത്തിയതായി ചാരിറ്റി സംഘടനയായ The Dublin Rape Crisis Centre (DRCC). കഴിഞ്ഞ വര്‍ഷം ഏകദേശം 24,000 തവണയാണ് ആളുകള്‍ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് തങ്ങളുടെ നാഷണല്‍ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെട്ടതെന്ന് സംഘടന വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനിടെ തങ്ങള്‍ തെറാപ്പി നല്‍കിയവരുടെ എണ്ണം 70% ഉയര്‍ന്ന് 838 ആയതായും സംഘടന പറഞ്ഞു.

1979-ല്‍ സ്ഥാപിതമായ DRCC, രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് അത് സംബന്ധിച്ച അറിവ് നല്‍കുകയും, പരിശീലനം, ബോധവല്‍ക്കരണം എന്നിവ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ്. ലൈംഗികാതിക്രമം നേരിടുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സേവനവും, കൗണ്‍സിലിങ്ങും സംഘടന നല്‍കിവരുന്നു.

2025-ല്‍ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള സഹായാഭ്യര്‍ത്ഥനകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സംഘടനയുടെ ചീഫ് എക്‌സിക്യുട്ടീവായ റേച്ചല്‍ മൊറോ പറഞ്ഞു. 23,955 തവണയാണ് ആളുകള്‍ പോയ വര്‍ഷം സംഘടനയെ ബന്ധപ്പെട്ടത്. 2023-നെ അപേക്ഷിച്ച് 29% വര്‍ദ്ധനയാണിത്.

കൂടുതല്‍ പേര്‍ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ തേടുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മൊറോ പറഞ്ഞു. നേരത്തെ ബന്ധപ്പെട്ടവരെ കൂടാതെ ആദ്യമായി സഹായമഭ്യര്‍ത്ഥിക്കുന്നവരും ഇതില്‍ പെടുന്നു. അതിക്രമം നേരിട്ടാല്‍ അത് തുറന്നുപറയാന്‍ അവര്‍ കാണിക്കുന്ന ധൈര്യം പ്രശംസനീയമാണെന്നും മൊറോ കൂട്ടിച്ചേര്‍ത്തു.

അതിക്രമം നേരിട്ടവര്‍ക്ക് Sexual Assault Treatment Units (SATU)-മായും, ഗാര്‍ഡയുമായും, കോടതിയുമായും ചേര്‍ന്ന് നിയമസഹായംവും സംഘടന നല്‍കിവരുന്നുണ്ട്. ഇത്തരത്തില്‍ 850 പേര്‍ക്ക് സംഘടന സഹായം നല്‍കി.

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമമോ, ചൂഷണമോ അനുഭവിക്കുന്നുണ്ടെങ്കില്‍ ഏത് തരത്തിലുള്ള സഹായത്തിനും ബന്ധപ്പെടാം:
24-hour Rape Crisis Helpline – 1800-77 8888
Text service and webchat options – drcc.ie/services/helpline/
https://www.rapecrisisireland.ie/
Emergency – 999/112

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments