അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില റെക്കോര്‍ഡിലെത്തിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. Munster, Leinster എന്നിവിടങ്ങളെയാകും ചൂട് കാര്യമായി ബാധിക്കുകയെന്നും, ചിലയിടങ്ങളില്‍ താപനില 28 ഡിഗ്രി വരെ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ചരിത്രത്തില്‍ ഇതുവരെ മെയ് മാസത്തില്‍ ഏറ്റവും ചൂടേറിയ ദിനം രേഖപ്പെടുത്തിയത് 1997 മെയ് 31-നാണ്. കൗണ്ടി കെറിയിലെ Ardfert Liscahane-ല്‍ അന്ന് രേഖപ്പെടുത്തിയ താപനില 28.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
രാജ്യത്ത് ഈയാഴ്ചയിലുടനീളം നല്ല വെയില്‍ ലഭിക്കുന്ന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. താപനില 23 മുതല്‍ 28 ഡിഗ്രി വരെ ഉയരാമെന്നും പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച 28 ഡിഗ്രിയും, ബുധനാഴ്ച 27 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട് പ്രതീക്ഷിക്കുന്നത്.
അതേസമയം വ്യാഴാഴ്ച ആകാശം മേഘാവൃതമാകുകയും, പടിഞ്ഞാറന്‍ പ്രദേശത്ത് ചെറിയ ചാറ്റല്‍ മഴ പെയ്യുകയും ചെയ്‌തേക്കാം. 18 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.
വെള്ളിയാഴ്ച പൊതുവില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഉച്ചയ്ക്കും, വൈകുന്നേരവും ആകാശം മേഘാവൃതമാകും. 17 മുതല്‍ 21 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.
രാജ്യത്ത് ചൂട് ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒപ്പം വളര്‍ത്തുമൃഗങ്ങള്‍ക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്നും, വെയിലത്ത് തളര്‍ന്നുപോകുന്നില്ലെന്നും ഉറപ്പാക്കണം. താപനില 20 ഡിഗ്രിയിലേയ്ക്ക് എത്തുന്നത് നായകള്‍, പൂച്ചകള്‍ തുടങ്ങിയ മൃഗങ്ങള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ കാരണമാകും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments