ചൂട് അസഹനീയം; അയർലണ്ടിലെങ്ങും യെല്ലോ ടെംപറേച്ചർ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്

By Rose Malayalam Desk

അമിതമായ ചൂടിനെത്തുടര്‍ന്ന് രാജ്യമെങ്ങും യെല്ലോ ഹൈ ടെംപറേച്ചര്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈയാഴ്ച പകല്‍ രാജ്യത്ത് 27 ഡിഗ്രി സെല്‍ഷ്യസിലധികവും, രാത്രി സമയം 15 ഡിഗ്രി സെല്‍ഷ്യസിലധികവും ചൂടാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച പകല്‍ 12 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച രാവിലെ 9 മണി വരെ തുടരും.

ഉയര്‍ന്ന ചൂട് ഹീറ്റ് സ്‌ട്രെസ്സിന് കാരണമാകുമെന്നും, ഉറക്കത്തെ ബാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. ആളുകള്‍ കൂടുതലായി ജലാശയങ്ങള്‍ ഉപയോഗിക്കുന്നത് വെള്ളത്തിന്റെ നിലവാരം കുറയ്ക്കുകയും ചെയ്യും.

സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പകല്‍ സമയം വെയില്‍ കൊള്ളാതെ ജോലിയും, യാത്രയും മറ്റും ക്രമീകരിക്കുന്നതും സൂര്യാഘാതം തടയാന്‍ സഹായിക്കും. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വളര്‍ത്തുമൃഗങ്ങളും നന്നായി വെള്ളം കുടിക്കുന്നുവെന്നും, വെയിലത്ത് തളരുന്നില്ല എന്നും ഉറപ്പാക്കണം.

അയര്‍ലണ്ട് അടക്കം യൂറോപ്പില്‍ പല രാജ്യങ്ങളും കടുത്ത ഉഷ്ണതരംഗത്തില്‍ വലയുകയാണ്. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലെല്ലാം പല ഔട്ട്‌ഡോര്‍ പരിപാടികളും ഉഷ്ണം കാരണം റദ്ദാക്കിയിട്ടുണ്ട്. യുകെ, ജര്‍മ്മനി എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments