അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 30 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചൂടേറിയ കാലാവസ്ഥ രാജ്യത്ത് അനുഭവപ്പെടുന്നത്. ഈയാഴ്ചയിലുടനീളം താപനില ശരാശരി 25 ഡിഗ്രി എന്ന നിലയില്‍ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച പതിവിലധികം ചൂട് അനുഭവപ്പെടുമെന്നും, താപനില 30 ഡിഗ്രി തൊട്ടേക്കുമെന്നുമാണ് പ്രവചനം.
ഇന്ന് (തിങ്കള്‍) ചിലയിടങ്ങളില്‍ ചെറിയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. അതൊഴിച്ചുനിര്‍ത്തിയാല്‍ ദിവസം മുഴുവനും നല്ല വെയില്‍ ലഭിക്കും. 22 മുതല്‍ 27 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. അതേസമയം തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയില്‍ താപനില 12 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അനുഭവപ്പെടുക.
ചൊവ്വാഴ്ച പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആകാശം മേഘാവൃതമാകും. ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് ഉണ്ടാകുക. താപനില 21 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
ബുധനാഴ്ച രാജ്യമെമ്പാടും നല്ല വെയില്‍ ലഭിക്കും. വ്യാഴാഴ്ചയോടെ താപനില വീണ്ടുമുയര്‍ന്ന് 30 ഡിഗ്രി വരെ എത്തിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൂട് കൂടുന്ന സാഹചര്യത്തില്‍ നന്നായി വെള്ളം കുടിക്കാനും, തണലത്ത് വിശ്രമിക്കാനും ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് സൂര്യാഘാതത്തിന് കാരണമാകാം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments