അയര്‍ലണ്ടിലേയ്ക്ക് ജോലിക്കായി ഏഴു പേരെ അനധികൃതമായി കടത്തിക്കൊണ്ടുവരികയും, തൊഴില്‍പരമായി പീഢിപ്പിക്കുകയും ചെയ്ത രണ്ട് പേര്‍ക്ക് 13 വര്‍ഷത്തേയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. രാജ്യത്ത് ഇതാദ്യമായാണ് തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസില്‍ പ്രതികള്‍ക്ക് തടവ് വിധിക്കുന്നത്. ഈസ്റ്റേണ്‍ യൂറോപ്യന്‍ സ്വദേശികളായ Georgijs Poniza (37), Armen Pogosyan (30) എന്നിവരെയാണ് Donegal Circuit Court ശിക്ഷിച്ചത്. പ്രതികള്‍ക്ക് മേല്‍ മനുഷ്യക്കടത്തിന് പുറമെ കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയക്ക്ല്‍ മുതലായ കുറ്റങ്ങളും ചുമത്തിയിരുന്നു.
പ്രതികള്‍ ഇവിടെയെത്തിച്ച ഇരകളില്‍ പലര്‍ക്കും കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാതിരുന്നതിനാല്‍ പൊതു വേസ്റ്റ് ബിന്നുകളില്‍ നിന്നും ഭക്ഷണം കണ്ടെത്തി കഴിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അതുപോലെ വളരെ മോശം സാഹചര്യത്തിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നതും.
പ്രതികള്‍ അനധികൃതമായി രാജ്യത്തെത്തിച്ച ആറ് പുരുഷന്മാരും, ഒരു സ്ത്രീയും Rossnowlagh-ലെ ഉള്‍നാട്ടിലുള്ള ഒരു വീട്ടിലും, Ballyshannon-ലെ ഒരു അപ്പാര്‍ട്ട്‌മെന്റിലും ആയിട്ടായിരുന്നു കഴിഞ്ഞിരുന്നത്. ഹീറ്റിങ്ങോ, കിടക്കാന്‍ കിടക്കയോ പോലും ഇവിടങ്ങളില്‍ ഇല്ലായിരുന്നു. 2020 ഡിസംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയാണ് കുറ്റകൃത്യം നടന്നത്. മികച്ച ജോലിയും നല്ല ശമ്പളവുമായിരുന്നു വാഗ്ദാനമെങ്കിലും ഈ കാലയളവില്‍ ഇവര്‍ക്ക് കൃത്യമായ ശമ്പളവും നല്‍കിയിരുന്നില്ല.
വളരെ നല്ല രീതിയില്‍ ആസൂത്രണം ചെയ്താണ് പ്രതികള്‍ മനുഷ്യക്കടത്ത് നടത്തിയതെന്ന് വിധിപ്രസ്താവത്തില്‍ ജഡ്ജ് ജോണ്‍ അയ്ല്‍മര്‍ പറഞ്ഞു. ഇരകളായവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും, ശാരീരകമായി ദ്രോഹിക്കുകയും ചെയ്തതായും ജഡ്ജ് നിരീക്ഷിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments