വ്യാജ ജനന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് 43,000 യൂറോയിലധികം ചൈൽഡ് ബെനഫിറ്റ് തുക കൈപ്പറ്റി; ഡബ്ലിനിൽ സ്ത്രീയെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി

By Rose Malayalam Desk

വ്യാജ ജനന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് 43,000 യൂറോയിലധികം ചൈൽഡ് ബെനഫിറ്റ് തുക കൈപ്പറ്റിയ സ്ത്രീയെ ശിക്ഷയിൽ നിന്നും ഒഴിവാക്കി കോടതി. കരീന കെല്ലി (60) എന്ന സ്ത്രീക്ക് ആണ് ഡബ്ലിൻ സിർക്യൂട്ട് ക്രിമിനൽ കോടതി ആദ്യം മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും പിന്നീട് അത് ഇളവ് ചെയ്യുകയും ചെയ്തത്.
16 വർഷത്തെ കാലയളവിൽ 43,000 യൂറോയിലധികമാണ് കുട്ടികൾക്കുള്ള ആനുകൂല്യമായി ഇവർ വാങ്ങിയത്. ഇതിനായി രണ്ട് ജനന സർട്ടിഫിക്കറ്റുകൾ വ്യാജമായി ചമയ്ക്കുകയും ചെയ്തു. കേസിൽ ഇവർ ഇവർ കുറ്റസമ്മതം നടത്തിയിരുന്നു. കർശനമായ നിബന്ധനകളോടെയാണ് കോടതി ശിക്ഷ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

2002-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കുന്നതിനിടയിൽ തനിക്ക് ഇരട്ടക്കുട്ടികൾ ജനിച്ചുവെന്ന് അവകാശപ്പെട്ട് കെല്ലി സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പിന് അപേക്ഷ നൽകിയതോടെയാണ് ഈ തട്ടിപ്പ് ആരംഭിച്ചത്. ഈ അപേക്ഷയോടൊപ്പം രണ്ട് വ്യാജ യു.എസ്. ജനന സർട്ടിഫിക്കറ്റുകളും അവർ ഹാജരാക്കിയിരുന്നു. എന്നാൽ ഈ കുട്ടികൾ യഥാർത്ഥത്തിൽ ഇരട്ടകളായിരുന്നില്ലെന്നും കൂടുതൽ തുക കൈപ്പറ്റാനായി കെല്ലി അവരുടെ ജനനത്തീയതികളിൽ മാറ്റം വരുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ വ്യക്തമായത്.

2018-ൽ കെല്ലിയുടെ കുട്ടികളിലൊരാൾ പിപിഎസ് (PPS) നമ്പറിനായി അപേക്ഷിക്കുകയും പാസ്‌പോർട്ടിന്റെ പകർപ്പ് സമർപ്പിക്കുകയും ചെയ്തപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 177 മാസങ്ങളിലായി 43,160 യൂറോയുടെ അധിക പേയ്‌മെന്റുകൾ ഇവർ കൈപ്പറ്റിയതായി കണ്ടെത്തി. എന്നാൽ 2025 മാർച്ചിൽ തന്റെ കാർ വിറ്റും വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകിയും കെല്ലി ഈ തുക മുഴുവനായി തിരിച്ചടച്ചിരുന്നു.

കെല്ലിക്ക് മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തതും, അന്വേഷണത്തോടുള്ള പൂർണ്ണമായ സഹകരണവും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ആറ് കുട്ടികളുടെ അമ്മയായ കെല്ലിയെ ഭർത്താവ് അയർലണ്ടിന് പുറത്ത് ജോലി ചെയ്തിരുന്ന സമയത്ത് മാനസികാരോഗ്യ പ്രശ്നങ്ങളും കടുത്ത വിഷാദരോഗവും നേരിട്ടിരുന്നുവെന്നും, ഒരിക്കൽ ഈ കുറ്റകൃത്യത്തിൽ പെട്ടുപോയപ്പോൾ പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ ഭയന്നുപോയതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. നിലവിൽ പ്രായമായ പിതാവിനെ പരിചരിക്കുന്ന അവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഇത് നികുതിദായകരെ വഞ്ചിച്ചുകൊണ്ടുള്ള ആസൂത്രിതവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഒരു തട്ടിപ്പായിരുന്നുവെന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ഓർല ക്രോ പറഞ്ഞു. എന്നിരുന്നാലും, കെല്ലി പ്രകടിപ്പിച്ച പശ്ചാത്താപവും, പണം മുഴുവൻ തിരികെ നൽകാൻ അവർ നടത്തിയ കഠിനശ്രമങ്ങളും കണക്കിലെടുത്ത് കോടതി തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments