Co Laois-ല്‍ കഴിഞ്ഞ വര്‍ഷം 14 മില്യണ്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ശിക്ഷ. പോളണ്ട് സ്വദേശികളായ Robert Wojtanowicz (46), Robert Cup (46) എന്നിവര്‍ക്കാണ് മുള്ളിംഗാര്‍ സര്‍ക്യൂട്ട് കോടതി തിങ്കളാഴ്ച 11 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചത്.
2025 ഫെബ്രുവരി 4-ന് Mountmellick-ലെ Manor Street-ലുള്ള Laois Motor Works എന്ന ഗ്യാരേജില്‍ നിന്നാണ് ഡബ്ലിന്‍ ക്രൈം റെസ്‌പോണ്‍സ് ടീം 182 കിലോഗ്രാം കൊക്കെയ്‌നും, നാല് കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവും പിടികൂടിയത്. ഇത് വില്‍പ്പനയ്ക്കും, വിതരണത്തിനും സൂക്ഷിച്ചിരുന്നതായിരുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സമ്മതിച്ചു. ഗ്യാരേജിലെ വാഹനങ്ങളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മയക്കമരുന്ന് നിര്‍മ്മാണസംവിധാനങ്ങളും ഇവിടെയുണ്ടായിരുന്നു. Wojtanowicz ആയിരുന്നു ഗ്യാരേജ് ലീസിന് എടുത്തിരുന്നത്.
പ്രതികള്‍ ഇരുവരും റെയ്ഡ് നടക്കുന്ന സമയം ഗ്യാരേജിലുണ്ടായിരുന്നു. ഗ്യാരേജ് പ്രവര്‍ത്തിച്ചിരുന്നത് തന്നെ മയക്കമരുന്ന് നിര്‍മ്മാണത്തിനും, വിതരണത്തിനുമായിരുന്നുവെന്ന് ഗാര്‍ഡ കോടതിയില്‍ അറിയിച്ചു.
2005 മുതല്‍ അയര്‍ലണ്ടില്‍ താമസിച്ചുവരികയാണ് പ്രതിയായ Robert Wojtanowicz. 2021-ല്‍ മോഷണത്തിന് പിടിയിലായിരുന്നെങ്കിലും ഇയാള്‍ക്ക് തടവുശിക്ഷ ലഭിച്ചിരുന്നില്ല. പോളണ്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
2000 മുതല്‍ അയര്‍ലണ്ടില്‍ താമസിക്കുന്നയാളാണ് രണ്ടാമത്തെ പ്രതിയായ Robert Cup. 20 വര്‍ഷം മുമ്പ് നടന്ന കവര്‍ച്ച, അപകടകരമായ ഡ്രൈവിങ്, ആക്രമണം എന്നിവയ്ക്ക് 2024-ല്‍ ഇയാള്‍ക്കെതിരെ പോളിഷ് അധികൃതര്‍ യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ അയര്‍ലണ്ടില്‍ മറ്റ് കേസുകളൊന്നുമില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments