ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് വി.എസ്.

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സൈസ് മന്ത്രി കെ.ബാബു ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം.പോളിനു താന്‍ കത്തു നല്കിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ബാബുവിനെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിനു തയാറാകുന്നില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.

മാണിക്ക് ഒപ്പം ബാറുകാരുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങിയ ആളാണ് ബാബു. ബാബുവിനെ രക്ഷിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. രാജിവച്ച മാണിക്ക് പാലായില്‍ സ്വീകരണം നല്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നാണംകെട്ടവനും ആലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലേ എന്നായിരുന്നു വി.എസിന്റെ മറുപടി. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പിനെക്കുറിച്ച് തനിക്ക് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ടെന്നും അന്വേഷണത്തിനു തയാറാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നും വി.എസ്.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: