13 പേരെ വെടിവച്ച് കൊല്ലാന്‍ കാരണമായ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഈ കേസില്‍ ഇടപെടാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. വലിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ വേദാന്ത ഗ്രൂപ്പിന്റെ തൂത്തുക്കുടിയിലെ ചെമ്പുശുദ്ധീകരണശാല തുറക്കാന്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയിരുന്നു.

ഈ വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാരും പരിസ്ഥിതി സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി. ഈ കേസില്‍ ഇടപെടാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് പറഞ്ഞ സുപ്രിംകോടതി തമിഴ്നാട് സര്‍ക്കാരിനോടും വേദാന്ത ഗ്രൂപ്പിനോടും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതോടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തല്‍ക്കാലം അടഞ്ഞുകിടക്കുമെന്ന് ഉറപ്പായി. സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് ഉയരുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചപ്പോള്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ തന്നെ പ്ലാന്റിനുള്ള ലൈസന്‍സ് റദ്ദാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സുപ്രിംകോടതിയുടെ തീരുമാനം തമിഴ്നാട് സര്‍ക്കാരിന് ആശ്വാസമാണ്. അതേസമയം പ്ലാന്റ് തുറക്കണോ വേണ്ടയോയെന്ന് ഹൈക്കോടതിക്ക് തീരുമാനിക്കാം.

Share this news

Leave a Reply

%d bloggers like this: