ബ്രെക്‌സിറ്റ് അനിശ്ചിതത്വം; ബ്രിട്ടനിലെ ഹോണ്ട പ്ലാന്റ് പൂട്ടുന്നു; 3500 പേരുടെ തൊഴില്‍ നഷ്ടമാകും

ബ്രെക്സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ സ്വിന്‍ഡണിലുള്ള നിര്‍മാണ പ്ലാന്റ് അടച്ചു പൂട്ടാന്‍ തീരുമാനിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. 2022 ഓടെ പ്ലാന്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. ഇതോടെ 3500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്ലാന്റ് അടച്ചുപൂട്ടല്‍ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് വിവരം. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയ്ക്ക് വീണ്ടും ആഘാതമാകുകയാണ് ഈ തീരുമാനം. സ്വിന്‍ഡണ്‍ ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ടു ചെയ്ത പ്രദേശമാണ്. എന്നാല്‍ ഹോണ്ടയ്ക്ക് യൂറോപ്പില്‍ ആകെയുള്ള നിര്‍മാണ പ്ലാന്റ് ഇവിടെയാണെന്നതാണ് വസ്തുത. ഈ പ്രദേശത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവും ഹോണ്ടയുടെ ഈ പ്ലാന്റ് തന്നെയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് എക്സ്-ട്രെയില്‍ നിര്‍മാണം ആരംഭിക്കാനുള്ള പദ്ധതി നിസാന്‍ ഉപേക്ഷിച്ചത്. ബ്രെക്സിറ്റ് ആശങ്കകള്‍ക്കിടയില്‍ മറ്റ് വ്യവസായങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ഇവിടെ തുടരുമെന്ന് ഉറപ്പു പറഞ്ഞിരുന്ന കമ്പനിയാണ് നിസാന്‍. ബ്രിട്ടനില്‍ 4500 ജീവനക്കാരെ കുറയ്ക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും പ്രഖ്യാപിച്ചിട്ടുണ്ട്.

നോ ഡീല്‍ ബ്രെക്സിറ്റ് ദുരന്തം വിതയ്ക്കുമെന്ന് ഫോര്‍ഡ് നേതൃത്വം പറയുന്നു. 1000 ജീവനക്കാരെ കുറയ്ക്കുമെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയത്. വെയില്‍സിലെ ബ്രിഡ്ജെന്‍ഡിലെ പ്ലാന്റിലെ ജീവനക്കാരെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹോണ്ട നോ ഡീല്‍ ബ്രെക്സിറ്റിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ദശലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമായിരിക്കും തങ്ങള്‍ക്കുണ്ടാകുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഡീലില്ലാതെ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയാല്‍ അത് തങ്ങള്‍ക്ക് മില്യണ്‍ കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ തലവന്മാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്വിന്‍ഡനിലെ ഫാക്ടറി യുകെയുടെ പുറത്തേക്ക് കൊണ്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആറ് മാസം മുമ്ബ് വരെ ഹോണ്ട തറപ്പിച്ച് പറഞ്ഞിരുന്നത്. ഹോണ്ടയുടെ തീരുമാനം സ്ഥിരീകരിച്ചതാണെങ്കില്‍ യുകെയിലെ നിര്‍മ്മാണ മേഖലയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണെന്നാണ് യുണൈറ്റ് നാഷണല്‍ ഓഫീസര്‍ ഫോര്‍ ദി ഓട്ടോമോട്ടീവ് സെക്ടറായ ഡെസ് ക്യൂന്‍ മുന്നറിയിപ്പേകുന്നത്.

Share this news

Leave a Reply

%d bloggers like this: