പാരീസ് കിലോഗ്രാമിന്റെ കളി കഴിഞ്ഞു…പ്ലാങ്ക് സ്ഥിരാങ്കത്തെ ആധാരമാക്കിയുള്ള കണക്കൂകൂട്ടലുകളെ വെച്ചായിരിക്കും ഇനി കിലോഗ്രാമിനെ നിര്‍വ്വചിക്കുക…

പാരിസ് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സ് ആസ്ഥാനത്ത് ഒരു ചില്ലുകൂട്ടിലാണ് ലോകമെമ്പാടും ഇന്നലെവരെ ഉപയോഗിച്ചുവന്ന കിലോഗ്രാം എന്ന അളവിന്റെ ആധാരമായ ദണ്ഡ് സൂക്ഷിച്ചിരിക്കുന്നത്. പ്ലാറ്റിനം-ഇറിഡിയം ദ്രവ്യങ്ങള്‍ കൊണ്ടുണ്ടാക്കിയതാണ് ഈ ദണ്ഡ്. വായു കടക്കാത്ത ഒരു സ്ഫടികനാളിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ പ്രോട്ടോടൈപ്പിന് പേര് ‘ലേ ഗ്രാന്‍ഡ് കെ’ എന്നാണ്. ഇതിന്റെ 90 ശതമാനവും പ്ലാറ്റിനമാണ്. 10 ശതമാനം ഭാഗം ഇറിഡിയം എന്ന ദ്രവ്യവും.

ലോകത്തിലെവിടെയുമുള്ള കിലോഗ്രാം എന്ന തൂക്കത്തിന് ‘ലേ ഗ്രാന്‍ഡ് കെ’ ആയിരുന്നു അടിസ്ഥാനം. കാലപ്പഴക്കം കൊണ്ട് ഈ ദണ്ഡിന് തേയ്മാനമുണ്ടാകുമെന്നും അത് ഭാരനഷ്ടത്തിന് കാരണമാകുമെന്നും നേരത്തെ തന്നെയുള്ള വിമര്‍ശനമാണ്. തേയ്മാനം കുറയ്ക്കാനായാണ് സ്ഫടികനാളിയില്‍ കാത്തുവെച്ചത്.

ഇന്നലെ മുതല്‍ ഒരു മൂര്‍ത്ത ഭാരത്തെ ആധാരമാക്കിയുള്ള ഭാരം കണക്കാക്കല്‍ അവസാനിപ്പിക്കുകയാണ്. ഇനി ലെ ഗ്രാന്‍ഡ് കെ ഒരു മ്യൂസിയം കാഴ്ചവസ്തുവാകും. പകരം പ്ലാങ്ക്‌സ് കോണ്‍സ്റ്റന്റ് അഥവാ പ്ലാങ്ക് സ്ഥിരാങ്കത്തെ ആധാരമാക്കിയുള്ള കണക്കൂകൂട്ടലുകളെ വെച്ചായിരിക്കും ഇനി കിലോഗ്രാമിനെ നിര്‍വ്വചിക്കുക. ഇലക്ട്രോമാഗ്‌നറ്റിക് ആക്ഷന്റെ പിണ്ഡത്തെയാണ് പ്ലാങ്ക്‌സ് സ്ഥിരാങ്കം എന്ന് വിളിക്കുക. പ്രകാശത്തിന്റെ വേഗം പോലെ പ്ലാങ്ക് സ്ഥിരാങ്കത്തിലും വ്യതിയാനം സംഭവിക്കില്ല.

കൃത്യത കൂടുന്നു എന്നതാണ് ഇപ്പോഴത്തെ ഈ മാറ്റത്തിന്റെ പ്രത്യേകത. ഈ കൃത്യത വളരെ സൂക്ഷമമായ തലത്തില്‍ സംഭവിക്കുന്നതാകയാല്‍ പലചരക്കു കടയില്‍ ഇപ്പോഴത്തെ മാറ്റം പ്രതിഫലിക്കില്ല. നിത്യജീവിതത്തില്‍ കിലോഗ്രാം അതേപടി തുടരും. എന്നാല്‍ ഈ മാറ്റം നമ്മുടെ ജീവിതത്തെ ഒട്ടും ബാധിക്കില്ല എന്നില്ല.

വളരെ സൂക്ഷ്മമായി ഭാരളക്കേണ്ടുന്ന മരുന്നുകളുടെയും മറ്റും കാര്യത്തില്‍ കിലോഗ്രാം അളക്കുന്നതില്‍ വന്നിട്ടുള്ള മാറ്റം വളരെ നിര്‍ണായകമായിത്തീരും. ഭാരം അളക്കുന്നതില്‍ സൂക്ഷ്മത വര്‍ധിക്കുന്നുവെന്നത് നമ്മുടെ സ്പീഷിസിന്റെ മുന്നേറ്റത്തിന്റെ സൂചകമാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഫ്രാന്‍സിലെ വേഴ്‌സല്ലീസില്‍ വെച്ച് കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ഇരുപത്താറാമത് ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സില്‍ വെച്ചാണ് കിലോഗ്രാമിന്റെ അളവുരീതി മാറ്റാനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്. അറുപത് രാജ്യങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: