ടോയ്‌ലറ്റ് എന്നുകരുതി എമര്‍ജന്‍സി വാതില്‍ തുറന്നു; വിമാനം വൈകിയത് 8 മണിക്കൂര്‍…

വിമാനത്തിലെ ടോയ്‌ലറ്റ് എന്നു കരുതി യാത്രക്കാരി തുറന്നത് എമര്‍ജന്‍സി വാതില്‍. യാത്രക്കാരിക്ക് പറ്റിയ അബദ്ധം വിമാനത്തെ വൈകിച്ചത് എട്ട് മണിക്കൂര്‍. മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടാനിരുന്ന പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍വേയ്‌സിലാണ് സംഭവം. യാത്രക്കാരിക്കുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.

വാതില്‍ തുറന്നതോടെ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ പുറത്ത് വന്നതാണ് തുടര്‍യാത്രക്ക് തടസമായത്. എയര്‍ലൈനിലെ ജീവനക്കാരുടെ അഭാവമാണ് യാത്രക്കാരിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് 400 യാത്രികരുമായി പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍വേയ്‌സ് വിമാനം മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടാന്‍ ഒരുങ്ങിയത്. വിമാനത്തിന്റെ യാത്ര മുടങ്ങിയതോടെ മറ്റൊരു വിമാനത്തിലാണ് യാത്രികര്‍ ഇസ്ലാമാബാദിലെത്തിയത്. അതും 7 മണിക്കുര്‍ വൈകി.

ദുരിതം ഇവിടെയും തീര്‍ന്നില്ല. പകരം ഏര്‍പ്പെടുത്തിയ പികെ 702 വിമാനം പക്ഷേ മുടങ്ങിയ വിമാനത്തിന്റെ അത്രയും യാത്രികരെ ഉള്‍ക്കൊള്ളാന്‍ ആവുന്നതായിരുന്നില്ല. 38 യാത്രികര്‍ക്ക് പകരം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ യാത്രചെയ്യാന്‍ കഴിഞ്ഞില്ല. ഈ വിമാനത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ മുഴുവന്‍ കയറ്റാനായില്ലെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പലര്‍ക്കും ലഗേജുകള്‍ മാഞ്ചസ്റ്ററില്‍ വിട്ടിട്ട് പോരേണ്ടി വന്നതായും യാത്രികര്‍ പറയുന്നു.

അതേസമയം, യാത്രക്കാര്‍ക്ക് അവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി പാക്കിസ്താന്‍ എയര്‍ലൈന്‍സ് വക്താവ് പ്രതികരിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കി. പകരം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്ന യാത്രികര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ നല്‍കിയതായും അധികൃതര്‍ പറയുന്നു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കാനും കമ്പനി തയ്യാറായി.

Share this news

Leave a Reply

%d bloggers like this: