ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി അന്തിമവിധി അല്ലെന്ന് പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി ഈ വിഷയത്തിലെ അന്തിമവിധി ആയിരിക്കില്ലെന്ന് പുതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയ് അധ്യക്ഷനായ ബഞ്ച് പുനഃപരിശോധനയിക്കായി വിശാല ബഞ്ചിന് വിട്ടിരുന്നു. ഇനി വിശാലബഞ്ചിന്റെ വിധി ആയിരിക്കും അന്തിമ വിധി.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് നേരത്തെ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ശ്രദ്ധേയമായ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ബിന്ദു അമ്മിണിയെ കൊച്ചിയില്‍ വച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കുരുമുളക് സ്പ്രേ കൊണ്ട് ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണ് സുപ്രീം കോടതിയെ സമീപിച്ചത്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭനാണ് ബിന്ദുവിന് വേണ്ടി ഹാജരായത്. കുരുമുളക് സ്‌പ്രേ ആക്രമണത്തിന്റെ കാര്യം പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തി. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലം അവസാനിക്കുന്നതിന് മുമ്പ് ജനുവരിയില്‍ ശബരിമല ദര്‍ശ്ശനം നടത്താന്‍ ബിന്ദു അമ്മിണിക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞ പ്രശാന്ത് പദ്മനാഭന്‍, ബിന്ദുവിന് സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബിന്ദു അമ്മിണിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വിധി പറയും.

അതേസമയം 2018 സെപ്റ്റംബറിലെ വിധി സ്റ്റേ ചെയ്യാത്തതിനാല്‍ ഈ വിധി നിലവിലിരിക്കെയാണ് ചീഫ് ജസ്റ്റിസ് ഇത്തരമൊരു കാര്യം പറയുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ളതാണ് എന്നും കളിക്കാനുള്ളതല്ല എന്നും വിശാല ബഞ്ചിന് വിടാനുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയോട് വിയോജിച്ച് ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ മറ്റൊരു കേസില്‍ പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് സംരക്ഷണമൊരുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. അതേസമയം 2018ലെ ഭരണഘടനാ ബഞ്ചിന്റെ വിധി അവസാനവാക്കല്ല എന്നാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: