അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബ്രിട്ടനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകൻ ശുഭാൻസോ പുലിനെ ബ്രിട്ടനിൽ മരിച്ചനിലയിൽ കണ്ടെത്തി. സസക്സ് ബ്രൈട്ടണിലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

മരണവിവരമറിഞ്ഞ ബന്ധുക്കൾ കൂടുതൽ നടപടികൾക്കായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നു.

അരുണാചൽ മുൻ മുഖ്യമന്ത്രി കലിഖോ പുലിന്റെയും ആദ്യഭാര്യ ദാങ്വിംസായി പുലിന്റെയും മകനാണ് ശുഭാൻസോ പുൽ. 2016 ഓഗസ്റ്റ് ഒമ്പതിന് കലിഖോ പുലിനെ ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. സ്വവസതിയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ സർക്കാർ പിരിച്ചുവിട്ടിട്ടും കലിഖോ പുൽ ഔദ്യോഗിക വസതിയിലായിരുന്നു താമസം. ഇതിനിടെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

2016 ഫെബ്രുവരി 19 മുതൽ ജൂലായ് 13 വരെയാണ് കലിഖോ പുൽ അരുണാചൽ മുഖ്യമന്ത്രിയായിരുന്നത്. നേരത്തെ കോൺഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് പാർട്ടി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് വിമതരുടെയും പ്രതിപക്ഷമായിരുന്ന ബിജെപിയുടെയും പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തിയത്.

2016 മാർച്ചിൽ 30 കോൺഗ്രസ് വിമത എംഎൽഎമാരോടൊപ്പം അദ്ദേഹം പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നു. എന്നാൽ 2016 ജൂലായിൽ കലിഖോ പുൽ സർക്കാരിനെ സുപ്രീംകോടതി പിരിച്ചുവിട്ടു. മൂന്നുഭാര്യമാരും നാല് മക്കളുമാണ് കലിഖോ പുലിനുള്ളത്.

Share this news

Leave a Reply

%d bloggers like this: