ആദ്യ ഔദ്യോഗിക തവളയുള്ള സംസ്ഥാനമാകുമോ കേരളം?

പന്നിമൂക്കൻ തവള (പാതാള തവള) സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്‌വാരങ്ങളിൽ കണ്ടെത്തിയ അപൂർവ്വയിനം തവളയാണിത്.

‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോ‍ട്ടുവയ്ക്കും. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ തവളകളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന സന്ദീപ്ദാസാണ് ഈ നീക്കത്തിന്‌ തുടക്കംകുറിച്ചത്. അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് തവളയെ കണ്ടെത്തിയിട്ടുള്ളത്. കരിമ്പുഴ വന്യജീവി സങ്കേതത്തിൽ തവളയുടെ സാന്നിധ്യം  ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

‘നാസികബത്രാക്കസ് സഹ്യാദ്രെൻസിസ്’ എന്ന്‌ ശാസ്ത്രീയനാമമുള്ള പാതാള തവളയെയാണ്‌ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ നിർദേശം സമർപ്പിക്കുന്നത്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുന്നത്. ഡൽഹി സർവകലാശാലയിലെ പ്രൊഫ. എസ് ഡി ബിജുവും ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003–-ൽ ഇടുക്കിയിൽനിന്ന് ഈ തവളയെ കണ്ടെത്തിയത്. 

കരിമ്പുഴ ഉൾപ്പെടുന്ന പശ്ചിമഘട്ട താഴ്വാരങ്ങളിൽ കണ്ടെത്തിയ ബുദ്ധമയൂരിയെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചിരുന്നു. പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചാൽ ഔദ്യോഗിക തവളയുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.

Share this news

Leave a Reply

%d bloggers like this: