ബാൽബ്രിഗാനിൽ വീടിനു തീപിടിച്ചു : വംശീയ സംഘർഷമായി ചിത്രീകരിച്ച് തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങൾ

വടക്കൻ ഡബ്ലിനിലെ ബാൽബ്രിഗാനിൽ  വീടിന് തീപിടിച്ചു. ഓഗസ്റ്റ് 9-നാണ്‌ എസ്റ്റേറ്റ് പരിസരത്തെ ഒരു വീട്ടിൽ  തീപിടിത്തമുണ്ടായത്. വൈദ്യുത തകരാറാണ് തീപിടിത്തത്തിനു കാരണമായത്. 

എന്നാൽ തീപിടുത്തത്തെ വംശീയ സംഘർഷമായി ചിത്രീകരിക്കുകയാണ് തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങൾ. തീപിടിച്ച കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ ഒരുപാടു വസ്തുക്കളും കത്തി നശിച്ചുവെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട പല കഥകളും സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഇടങ്ങളിൽ പ്രചരിക്കുകയാണ്.
കറുത്ത വർഗ്ഗക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് വീടിനു തീ വച്ചതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രദേശത്തെ കറുത്ത വർഗ്ഗക്കാർക്കെതിരെ വിദ്വേഷവും സമൂഹത്തിൽ ഭിന്നതയും ഇളക്കിവിടാനുള്ള ആയുധമാക്കി മാറ്റുകയാണ് ഈ സംഭവത്തെ. തീവ്ര വലതുപക്ഷ മാധ്യമങ്ങൾ ഇതിന് ഏറെ പ്രചാരമാണ് നൽകുന്നത്. കൂടാതെ ട്വിറ്റർ ഉൾപ്പെടെയുള്ള പ്രമുഖ സോഷ്യൽമീഡിയ അക്കൗണ്ടുകളും ഇതിനായി ഇവർ ഉപയോഗിക്കുന്നുണ്ട്.

ഒരു പ്രാദേശിക മയക്കുമരുന്ന് വ്യാപാരി അവിടെ താമസിക്കുന്നുണ്ടെന്നും അയാൾക്കെതിരായ ആക്രമണമാണ് വീടിനു തീയിട്ടതിനു പിന്നിലെ കാരണമെന്നും തുടങ്ങി നിരവധി നുണക്കഥകൾ പ്രചരിക്കുന്നുമുണ്ട്. ഈ അവകാശവാദങ്ങൾക്കൊന്നും യാതൊരു തെളിവുമില്ലാത്തതിനാൽ ഇവയൊക്കെയും നുണക്കഥകൾ ആണെന്നാണ് കത്തിയ വീടിന്റെ ഉടമസ്ഥർ തന്നെ പറയുന്നത്.

വൈദ്യുത തകരാറാണ് വീടിന്റെ തീപിടിത്തത്തിന് കാരണമായതെന്ന് പിന്നീട് വീട്ടുകാർ തന്നെ മാധ്യമങ്ങളെ അറിയിച്ചു. വീടിന്റെ പിൻഭാഗത്തുള്ള ഓയിൽ ടാങ്ക് തീപിടുത്തത്തിന് ആക്കം കൂട്ടി. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട ആരും തന്നെ ഞങ്ങളുടെ വീട്ടിൽ താമസിക്കുന്നില്ലെന്നും അവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: