പൗരത്വദാന ചടങ്ങുകൾ വേണ്ട : സത്യവാങ്മൂലം സമര്‍പ്പിച്ച് പൗരത്വം സ്വീകരിക്കാം

കോവിഡ്-19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൗരത്വദാന ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പകർച്ചവ്യാധി ആരംഭിച്ചതു മുതൽ തന്നെ പൗരത്വദാന ചടങ്ങുകള്‍ ഒഴിവാക്കാനുള്ള ആലോചനകൾ സർക്കാർ തലത്തിൽ ആരംഭിച്ചിരുന്നു.

പൗരത്വദാന ചടങ്ങുകള്‍ ഒഴിവാക്കിയും സത്യവാങ്മൂലം സമര്‍പ്പിച്ചും പൗരത്വം സ്വീകരിക്കാനുള്ള നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. കൂടാതെ സാധാരണ സത്യപ്രതിജ്ഞാ ചടങ്ങുകളും സർക്കാർ പരിഗണനയിലാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലൈയിൽ വെർച്വൽ പൗരത്വ ചടങ്ങുകൾ നടത്തിയിരുന്നു. ഈ പദ്ധതി വിജയകരമായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം ഈ രീതി പ്രായോഗികമല്ലെന്നും ജസ്റ്റിസ് മന്ത്രി ഹെലൻ മക്ഇൻടി പറഞ്ഞു.

നിരവധി പേരാണ് ഐറിഷ് പൗരത്വത്തിനായി കാത്തിരിക്കുന്നത്. 21,000 ത്തിലധികം പേരാണ് ഐറിഷ് പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. അവയുടെ പ്രോസസ്സിങ്‌ നടക്കുകയാണെന്നും മൂവായിരത്തോളം പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അപേക്ഷകർക്ക് എത്രയും വേഗം സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2011-ൽ പൗരത്വ ചടങ്ങുകൾ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് സർക്കാർ തന്നെ ചടങ്ങുകൾ ഒഴിവാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: