ക്രിസ്മസ് സമ്മാനമായി കുട്ടികൾക്ക് ക്വാഡ് ബൈക്കുകളും സ്‌ക്രാംബ്ലറുകളും നൽകരുത് : ബോധവൽക്കരണ കാമ്പയിനുമായി ഗാർഡ

ക്രിസ്മസ് ആഘോഷങ്ങളെ വർണ്ണാഭമാക്കുന്നതിൽ സമ്മാനങ്ങൾ എന്നും ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. എന്നാൽ കുട്ടികൾക്ക് നൽകുന്ന സമ്മാനങ്ങൾ അവരുടെ ജീവനുതന്നെ അപകടമുണ്ടാക്കുന്നവയാകരുത്.

അത്തരം സമ്മാനങ്ങൾക്കെതിരെ ബോധവൽക്കരണവുമായി രംഗത്തെത്തിരിക്കുകയാണ് ഗാർഡ. ക്വാഡ് ബൈക്കുകളും സ്‌ക്രാംബ്ലറുകളും കുട്ടികൾക്ക് വാങ്ങിനൽകരുതെന്നാണ് മാതാപിതാക്കളോടുള്ള ഗാർഡയുടെ അഭ്യർത്ഥന.

ക്വാഡ് ബൈക്കുകളും സ്‌ക്രാംബ്ലറുകളും കുട്ടികളിൽ ഉണ്ടാക്കുന്ന അപകടങ്ങളുടെ തോത് വളരെ കൂടുതലാണ്. ഇത് ഉയർത്തിക്കാട്ടുന്നതിനു വേണ്ടിയാണ് ഗാർഡയും റോഡ് സുരക്ഷാ അതോറിറ്റിയും (RSA) ചേർന്ന് പൊതു അവബോധ കാമ്പയിൻ ആരംഭിച്ചത്.

ക്വാഡ് ബൈക്കോ സ്‌ക്രാംബ്ലറോ ഉൾപ്പെട്ട അപകടങ്ങളെത്തുടർന്ന് 2014 നും 2019 നുമിടയിൽ ആറ് പേരാണ് അയർലണ്ടിൽ മരണമടഞ്ഞത്. ഇവരിൽ മൂന്ന് പേർ 18 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണെന്നും RSA പ്രസിദ്ധീകരിച്ച താൽക്കാലിക സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.

2014 നും 2019 നുമിടയിൽ ക്വാഡ് ബൈക്കോ സ്‌ക്രാംബ്ലറോ ഉൾപ്പെട്ട അപകടത്തിൽ 60-ഓളം പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ 41%പേർ 18 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്.

കുട്ടികൾ സ്‌ക്രാംബ്ലറുകളും ക്വാഡുകളും ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരെയെങ്കിലും കഠിനമായോ മാരകമായോ പരിക്കേൽപ്പിക്കാൻ കഴിവുള്ള ശക്തമായ യന്ത്രങ്ങളാണിവയെന്നും ഗാർഡ അസിസ്റ്റന്റ് കമ്മീഷണർ പോള ഹിൽമാൻ പറഞ്ഞു.

അതുകൊണ്ടാണ് കുട്ടികൾക്കും വാഹനമോടിച്ച് പരിചയമില്ലാത്തവർക്കും ഉപയോഗിക്കാൻ ഇത്തരം വാഹനങ്ങൾ അനുയോജ്യമല്ലാത്തതെന്നും ഹിൽമാൻ പറഞ്ഞു.

ഈ ക്രിസ്മസിന് കുട്ടികൾക്കായി ക്വാഡ് ബൈക്കുകളോ സ്‌ക്രാംബ്ലറുകളോ വാങ്ങാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുറോഡുകൾ ഉപയോഗിക്കുമ്പോൾ മറ്റ് വാഹനങ്ങൾക്കുള്ള അതേ നിയമങ്ങൾ ഈ വാഹനങ്ങൾക്കും ബാധകമാണ്.

രജിസ്ട്രേഷൻ, നികുതി എന്നിവ നൽകണം. വാഹനത്തിന്റെ ഡ്രൈവർ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കുകയും വാഹനം ഓടിക്കാൻ ഇൻഷ്വർ ചെയ്യുകയും വേണമെന്നും അവർ പറഞ്ഞു.

ക്രിസ്മസ് ദിനങ്ങൾ ആഘോഷമാക്കാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് വിനാശകരമായ വാർത്തകൾ നൽകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞങ്ങളുടെ ബോധവൽക്കരണ പരിപാടികളുടെ സന്ദേശം വ്യക്തമാണ്. കുട്ടികളും ചെറുപ്പക്കാരും ഈ വാഹനങ്ങൾ പരസ്യമായി ഓടിക്കാൻ പാടില്ല. പ്രതേകിച്ച് ലൈസൻസ്, ഇൻഷുറൻസ്, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഇല്ലാതെയുള്ള യാത്രകൾ.

പാർക്കുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഗാർഡ പറഞ്ഞു. യന്ത്രങ്ങൾ കളിപ്പാട്ടങ്ങളല്ല. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അവ ഉപയോഗിക്കരുതെന്നും RSA ചെയർപേഴ്‌സൺ ലിസ് ഓ ഡൊണെൽ പറഞ്ഞു.

ഈ ക്രിസ്മസിന് കുട്ടികൾക്ക് ക്വാഡ് ബൈക്കോ സ്‌ക്രാംബ്ലറോ സമ്മാനിക്കാൻ പദ്ധതിയിടുന്നവർ ദയവായി പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് ബൈക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി RSA-യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

Share this news

Leave a Reply

%d bloggers like this: